പങ്കജ് അദ്വാനി എന്ന വലിയ വേട്ടകാരന്‍
നിശബ്ദ്ദനായ വേട്ടക്കാരന്‍

2020 ഡിസംബർ 19, അഡ്ലെയ്ഡ്‌ ഓവലിൽ ടീം ഇന്ത്യ നാണക്കേടിന്റെ റെക്കോർഡുമായി തല താഴ്ത്തി ഗ്രൗണ്ട് വിട്ട ദിവസം. ടീമിന്റെ കടുത്ത വിമർശകരെപ്പോലും ഞെട്ടിച്ചു കൊണ്ട് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 36 റൺസിന് ടീം കൂടാരം കയറി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഇത്തരത്തിൽ വലിയ ഒരു തകർച്ച ടീമിന് നേരിടേണ്ടി വന്നത്. കമ്മിൻസിന്റെയും ഹേസൽവുഡിന്റെയും ആക്രമണത്തിന് മുന്നിൽ അവർക്ക് മറുപടി ഇല്ലായിരുന്നു. വിദേശ പിച്ചുകളിൽ പേസ് ബൗളർമാർക്ക് മുന്നിൽ ടീം ഒന്നടങ്കം പരാജയപ്പെടുന്ന പതിവ് ശൈലി ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടു. ആകെ വീണ 19 ഇന്ത്യൻ വിക്കറ്റുകളിൽ 18ും പേസർമാർക്ക്‌ മുന്നിലാണ്. 
കങ്കാരുവിന്റെ ഗ്രൗണ്ടുകൾ എന്നും ടീം ഇന്ത്യക്ക് കീഴടക്കാൻ കഴിയാത്ത പോർനിലങ്ങളാണ്. വിരാട് കോഹ്‌ലിക്ക് കീഴിൽ ടെസ്റ്റിലെ അപരാജിത സംഘമായി ഇന്ത്യ വളർന്നപ്പോൾ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര വിജയം നേടിയിരുന്നു ( 2018-19). എന്നാൽ ഇപ്പോൾ കോഹ്ലിയുടെ തന്ത്രങ്ങൾ പരാജയപ്പെടുന്നു. ഒന്നാം ടെസ്റ്റിന് ശേഷം അദ്ദേഹം പിന്മാറിയതോടെ പരമ്പരയിൽ ഇന്ത്യ വൈറ്റവാഷ് ചെയ്യപ്പെടുമെന്ന് കളിവിദഗ്ദ്ധരും വിധിയെഴുതി. 


എന്നാൽ വിധിയെഴുത്തുകളെയും, വിമർശനങ്ങളേയും കാറ്റിൽ പറത്തി, അഡ്ലെയ്ഡിലെ വീഴ്ചയുടെ പത്താംനാൾ മെൽബണിൽ ബോക്സിങ് ഡേ ടെസ്റ്റിൽ ടീം ഇന്ത്യയുടെ ഉയിർത്തെഴുനേൽപ്പ്. ചരിത്രത്തിലെ മികച്ച വിജയങ്ങളിൽ ഒന്നാണ് ഇന്ത്യ എംസിജി യിൽ നേടിയത്. 2001ലെ കൊൽക്കത്ത ടെസ്റ്റ്‌ വിജയം പോലെ അവിസ്മരണീയമായ മറ്റൊരു അധ്യായം. പരിക്കേറ്റ് മുടന്തുന്ന ടീമും താൽക്കാലിക ക്യാപ്റ്റനുമായി, എതിരാളികൾ കയറി ചെല്ലാൻ ഭയക്കുന്ന മെൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിലേക്ക് ഓസ്ട്രേലിയയോട് കൊമ്പ് കോർക്കാൻ പോയ ഈ ടീമിൽ കടുത്ത ആരാധകർക്ക്‌ പോലും വിശ്വാസം ഇല്ലായിരുന്നു.കോഹ്‌ലിക്ക് പുറമെ സീനിയർ താരങ്ങളായ ഷമിയും സാഹയും പുറത്ത്. പരിചയസമ്പന്നരല്ലാത്ത ഓപ്പണിങ് ജോഡി, രഹാനെയും പുജാരയും കഴിഞ്ഞാൽ സാങ്കേതികതികവുള്ള മികച്ച ബാറ്റ്സ്മാന്റെ അഭാവം. ബുംറയോടൊപ്പം ബൗളിംഗ് ഓപ്പൺ ചെയ്യേണ്ടത് ആദ്യ ടെസ്റ്റ്‌ കളിക്കുന്ന സിറാജ്. ആദ്യ ടെസ്റ്റിലെ പരാജയഭാരവും, ഒപ്പം എംസിജി യിലെ ലോങ്ങ്‌ ബൗണ്ടറിയും പേസിനെ അനുകൂലിക്കുന്ന പിച്ചും. 


ബോക്സിങ് ഡേയിൽ രണ്ടാം ടെസ്റ്റിന് പന്തെറിഞ്ഞു തുടങ്ങുമ്പോൾ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റുന്ന അജിൻക്യ രഹാനെ മാജിക്കിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. ടീമിന്റെ വിജയത്തിന് അനേകം ഘടകങ്ങൾ സ്വാധീനിക്കുന്നു, എന്നാൽ അവയിൽ ഏറ്റവും പ്രധാനം നേതൃത്വമാണ്. നല്ല ടീമും മോശം ടീമുകളും ഇല്ല, മറിച്ച് നല്ല നേതൃത്വവും മോശം നേതൃത്വവുമാണ് ജയപരാജയങ്ങളെ നിർണയിക്കുന്നത്. രഹാനെ അത് നേരത്തെ തെളിയിച്ചതാണ്. 2017ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ ക്യാപ്റ്റൻ കോഹ്‌ലിക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി വന്ന്‌ മാച്ചും പരമ്പരയും വിജയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഇത്തവണ വെല്ലുവിളികൾ കടുത്തതായിരുന്നു. അയാൾ അതിനെയൊക്കെ അതിജീവിച്ചിരിക്കുന്നു. ഒന്നാം ഇന്നിങ്സിൽ ടീം സമ്മർദ്ദത്തിൽ ആയപ്പോഴും ക്ഷമയോടെ ബാറ്റ് ചെയ്ത് മാന്യമായ ടോട്ടലിൽ എത്തിച്ചു. മെൽബണിൽ ടെസ്റ്റ്‌ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡും സ്വന്തമാക്കി. നോൺ സ്‌ട്രൈക്കർ ജഡേജയുടെ  പിഴവിൽ റൺ ഔട്ട്‌ ആയി മടങ്ങുമ്പോഴും ശാന്തനായി ജഡേജയോട് “കീപ് ഗോയിങ്” പറഞ്ഞ അയാളുടെ സ്‌പോർട്സ് മാൻ സ്പിരിറ്റ് അഭിനന്ദനം അർഹിക്കുന്നു. ഗ്രൗണ്ടിൽ അക്രമണാത്മക മനോഭാവം പുറത്തെടുത്ത് സഹകളിക്കാരെ സമ്മർദ്ദത്തിലാകുന്ന ക്യാപ്റ്റൻമാരെക്കാൾ ‘ജന്റിൽമെൻസ് ഗെയിം’ ന്റെ ആരാധകർ ആഗ്രഹിക്കുന്നത് രഹാനെയെ പോലെയുള്ളവരെയാണ് . അയാളുടെ മനോഭാവം ഈ ടീമിനെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ട്. അഡ്ലെയ്ഡിൽ നിന്ന് മെൽബണിൽ എത്തുമ്പോൾ ഈ ടീമിൽ വന്ന പോസിറ്റീവായ മാറ്റവും അത് തന്നെയാണ്. 
മെൽബണിലെ തോൽവിയുടെ ആഘാതത്തിൽ  ഓസ്ട്രേലിയ ആലസ്യത്തിൽ നിന്ന് ഉണർന്നിട്ടുണ്ടാവണം. വാർണറിന്റെ തിരിച്ചുവരവ് അവർക്ക് കരുത്തേകും. മെൽബണിലെ വീരോചിത പ്രകടനം ടീം ഇന്ത്യ സിഡ്നിയിലും ബ്രിസ്‌ബേനിലും ആവർത്തിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!