“വഴുതി പോയ വിജയത്തെ വരുതിയിലാക്കിയ പോരാട്ടവീര്യം… “ഇതൊരു ഇന്ത്യൻ വിജയഗാഥ.

മിലാന്‍ എന്ന വികാരം
നീലപ്പട കുതിക്കുകയാണ് കായിക ശക്തിയിലും ടെക്നോളജിയിലും

സിഡ്നി : ടെസ്റ്റ് ക്രിക്കറ്റിൻ്റെ മനോഹാരിത മുഴുവൻ ആവാഹിച്ച് അഞ്ചാം ദിനത്തിലെ അവസാന ഓവർവരെ ആവേശം നിറച്ച് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അശ്വിനും ഹനുമ വിഹാരിയും തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോൾ ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് തട്ടി മാറ്റിയ വിജയത്തിൻ്റെയും പൊരുതി നേടിയ പത്തരമാറ്റ് സമനിലയുടെയും കഥ ഇന്ത്യൻ ആരാധകർ എന്നും ഓർത്തുവയ്ക്കും.

ലോക ക്രിക്കറ്റിൻ്റെ സമീപഭാവിയിൽ തന്നെ ഏറ്റവും മനോഹരമായ കളി നിമിഷങ്ങളായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയത്. പ്രതിഭാവിലാസം കൊണ്ട് സ്റ്റീവ് സ്മിത്ത് കുറിച്ച സെഞ്ചുറിയും, ബോളിംഗിൽ പാറ്റ് കമ്മിൻസ് തീർത്ത വിസ്മയവും ടീം ഇന്ത്യയെ വീണ്ടും മറ്റൊരു പരാജയത്തിൻ്റെ വക്കിലേക്കാണ് കൊണ്ടുചെന്ന് എത്തിച്ചിരുന്നത്, ഒടുവിൽ രണ്ടാം ഇന്നിംഗ്സിൽ 408 റൺസ് എന്ന വിജയലക്ഷ്യവുമായി ടീം ഇന്ത്യ ഇറങ്ങുമ്പോൾ കളി വിദഗ്ധരും ആരാധകരും അടക്കം ഇന്ത്യയെ എഴുതി തള്ളിയിരുന്നു. ഓസ്ട്രേലിയൻ പേസ് ആക്രമണത്തിനു മുന്നിൽ വെറും 36 റൺസിന് മുട്ടുമടക്കിയ ടീം ഇന്ത്യയെ ആണ് ഇവിടെയും എല്ലാവരും പ്രതീക്ഷിച്ചത്. കൂടെ ജഡേജയുടെ പരിക്കും ടീം ഇന്ത്യയെ അലട്ടിയതോടെ 132 ഓവർ ഓസ്ട്രേലിയൻ ബൗളിംഗിന് മുന്നിൽ ടീം ഇന്ത്യ പൊരുതി നിൽക്കും എന്നത് പോയിട്ട് ഒരു സെഷൻ പിടിച്ചു നിന്നാൽ തന്നെ വലിയ കാര്യം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. തോൽവിയുടെ ആഘാതം കുറയ്ക്കുക മാത്രമാണ് ഇവിടെ ടീമിനു ചെയ്യാനുള്ളത് എന്ന് ഏവരും വിധിയെഴുതിയപ്പോൾ പോരാട്ട വീര്യം ചോരാതെ പ്രതിഭാധനരായ കളിക്കാരുടെ മനോബലത്തിൻ്റെയും സമീപനത്തിൻ്റെയും കൂടി കരുത്തിലാണ് വിജയ തുല്യമായ ഈ സമനില ഇന്ത്യ നേടിയെടുത്തത്.

രണ്ടാം ഇന്നിങ്സിൽ കളിയുടെ തുടക്കത്തിൽ ഒരിക്കൽ കൂടി 50 റൺസ് പാർട്ണർഷിപ്പിൽ ഇന്ത്യൻ ഓപ്പണിങ് ജോഡി തകർത്തടിച്ചപ്പോൾ തന്നെ ഇന്ത്യ തങ്ങളുടെ പോരാട്ടവീര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചു വരികയും നാലാം ദിവസം കളി അവസാനിക്കുമ്പോൾ അഞ്ചാം ദിനത്തിൽ കാങ്കാരുപ്പടയുടെ വിജയത്തിന് 90 ഓവറിൽ വെറും വെറും എട്ട് വിക്കറ്റുകൾ നേടുക മാത്രമാണ് വേണ്ടിയിരുന്നത്.അഞ്ചാം ദിനം ആരംഭിച്ചപ്പോൾ തന്നെ ക്യാപ്റ്റൻ രഹനയുടെ വിക്കറ്റ് സ്വന്തമാക്കി കങ്കാരുപ്പട വിജയത്തിലേക്ക് ഒരുപടികൂടി അടുത്തു, പിന്നീടങ്ങോട്ട് ലോകം കണ്ടത് ഇന്ത്യയുടെ തളരാത്ത പോരാട്ടവീര്യം ആണ്. ഒരു വശത്ത് പ്രതിരോധത്തിന് ഉരുക്ക് കോട്ടകെട്ടി പൂജാര തൻ്റെ വിക്കറ്റ് കാത്തപ്പോൾ, പതിവുശൈലിയിൽ അടിച്ചു കളിച്ച ഋഷഭ് പന്ത് ആണ് ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചത്. തൻ്റെ തീപ്പൊരി ബാറ്റിംഗ് പ്രകടനം കൊണ്ട് കങ്കാരു പടയുടെ ബോളിങ് നിരയെ നിഷ്പ്രഭം ആക്കിയ ഋഷഭ് പന്ത് പൂജാരയുമായി ചേർന്നുണ്ടാക്കിയ 142 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ എത്തിച്ചത്. എന്നാൽ പന്തിനെയും പൂജാരയെയും അടുത്തടുത്ത സമയങ്ങളിൽ പവലിയനിലേക്ക് മടക്കി അയച്ച ഓസ്ട്രേലിയ വീണ്ടും മത്സരത്തിൽ തിരിച്ചെത്തി എന്നുതന്നെയാണ് ലോകം മുഴുവൻ കരുതിയത്. പരുക്കേറ്റ ജഡേജക്കു പകരം ക്രീസിലെത്തിയ വാലറ്റക്കാരൻ അശ്വിനിലും കാലിൽ പരുക്കേറ്റു ഓടാൻ ആവാതെ മുടന്തുന്ന വിഹാരിയിലും കടുത്ത ഇന്ത്യൻ ആരാധകർ പോലും വിശ്വാസം അർപ്പിച്ചിരുന്നോ എന്ന് സംശയമാണ്.

എന്നാൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഒരു ചെറുത്തുനിൽപ്പാണ് പിന്നീടങ്ങോട്ട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. അതും പേരും പെരുമയും ഉള്ള ഓസ്ട്രേലിയൻ ബൗളിംഗ് നിരയെ മനസ്സാന്നിധ്യം കൊണ്ട് നേരിട്ട് ഈ രണ്ട് ഇന്ത്യൻ താരങ്ങൾ നാലു മണിക്കൂറും 265 ബോളും അജയ്യരായി നിന്നതോടെ വിജയം ഓസീസ് പടയുടെ പക്കൽ നിന്നും അകന്നു പോയി. തങ്ങൾ പോയാൽ ഇനി ടീമിൽ പിടിച്ചുനിൽക്കാൻ മറ്റൊരു ബാറ്റ്സ്മാൻ ഇല്ലെന്ന പൂർണ്ണ ബോധ്യത്തിൽ പരുക്കേറ്റിട്ടും തുടർന്ന് കളിച്ച വിഹാരിയുടെയും അശ്വിൻറെയും ചെറുത്തുനിൽപ്പ് ഏതൊരു കായികതാരത്തിനും ആവേശം പകരുന്നതാണ്. കാലിനു പരിക്കേറ്റു സിംഗിളുകൾ പോലും ഓടാനാവാതെ വിഹാരിയും നെഞ്ചിലും തോളിലുമടക്കം ഓസിസ് പേസർമാർ ഉന്നംവച്ച് എറിഞ്ഞിട്ടു അവയെല്ലാം തടുത്ത് ടീമിനായി ബാറ്റ് ചെയ്ത അശ്വിനും പോരാട്ടവീര്യത്തിൻ്റെ ഇന്ത്യൻ ഗാഥ രചിക്കുകയായിരുന്നു. ഒടുവിൽ ഇരുവരുടെയും പ്രതിരോധം പൊളിക്കാൻ ആവാതെ അനാവശ്യ പ്രകോപനങ്ങളും സ്ലെഡ്ജിങ് അടക്കമുള്ള പതിവ് ഓസ്ട്രേലിയൻ രീതികളും കംഗാരുപ്പട പുറത്തെടുത്തപ്പോഴും ഒരു നിമിഷം പോലും ഏകാഗ്രത കൈവെടിയാതെ ഇരുവരും ബാറ്റിംഗ് തുടർന്നു. ടെസ്റ്റ് ക്രിക്കറ്റിൽ സ്കോർ ചെയ്യുന്ന റൺസിന് അപ്പുറം ക്രീസിൽ പിടിച്ചുനിൽക്കാൻ ബാറ്റ്സ്മാൻ കാണിക്കുന്ന മനോവീര്യ ത്തിന് കൂടി പ്രാധാന്യം ഉണ്ടെന്നു ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനം. 161 പന്തുകൾ നേരിട്ട് വെറും 23 റൺസ് നേടിയ വിഹാരിയും 128 പന്തുകൾ നേരിട്ട് 39 റൺസ് നേടിയ അശ്വിനും കൂട്ടിച്ചേർത്ത റൺസിനേക്കാൾ പ്രതിരോധ കോട്ടകെട്ടിയ ബാറ്റിങ് ചെറുത്തുനിൽപ്പിൻ്റെ പേരിലാവും ഇനി അറിയപ്പെടാൻ പോകുന്നത്.

പരിക്കുകൾ അലട്ടിയിട്ടും തളർത്താൻ ആവാത്ത ഇന്ത്യൻ പോരാട്ടവീര്യത്തെയും പ്രതിഭാവിലാസത്തിനും അപ്പുറം തൊട്ടതെല്ലാം പിഴച്ച ഓസ്ട്രേലിയൻ ടീമിനെയും നമുക്ക് കാണാനായി. കയ്യിൽ വന്ന അവസരങ്ങൾ നിലത്തിട്ടു ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ആയ ടീം പെയിനും അവസരങ്ങൾ മുതലാക്കാൻ ആവാതെ പോയ ഫീൽഡർമാരും കൂടി ഈ സമനിലയിൽ ഇന്ത്യയ്ക്ക് ഒരു “കൈ സഹായം” ആയി എന്നു പറയേണ്ടിവരും. വിജയം കൈവിട്ടു പോകുമ്പോൾ എതിരാളിയെ മാനസികവും ശാരീരികവുമായി ആയി കൂടി ആക്രമിക്കാൻ ശ്രമിക്കുന്ന പതിവ് ഓസീസ് ശൈലിയും ഈ ടെസ്റ്റിൽ കണ്ടു. അനാവശ്യമായ അപ്പീലുകൾ, ഓവർ ത്രോ, തുടങ്ങി അശ്വിന് നേരെയുള്ള ബൗൺസർ ആക്രമണം സ്ലെഡ്ജിംഗ്, റിഷഭ് പന്തിൻ്റെ ക്രീസിലെ ബാറ്റിംഗ് ഗാർഡ് മാർക്ക് സ്റ്റീവ് സ്മിത്ത് മായ്ച്ചത് ഉൾപ്പെടെ വിജയം നഷ്ടമാകുമ്പോൾ എന്തും കാട്ടിക്കൂട്ടുന്ന തരംതാണ ഓസ്ട്രേലിയൻ രീതിയും ഈ മത്സരത്തിൽ കാണേണ്ടിവന്നു.

മറുഭാഗത്ത് പരുക്കുകൾ അലട്ടിയിട്ടും വിജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങിയ ടീം ഇന്ത്യയെ പോരാട്ടവീര്യത്തിൻ്റെ മകുടോദാഹരണമായി ലോകം കാണും.മത്സരശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തത് “കയ്യിലെ ഓരോ വിരലുകളും ഒരുലക്ഷ്യത്തിനായി പ്രവർത്തിക്കും പോലെ ടീമിലെ ഓരോരുത്തരും ഈ സമനിലയിൽ പങ്കാളികളായി” എന്നതാണ്. എന്നാൽ ഐതിഹാസികമായ ഇന്ത്യയുടെ ഈ വിജയത്തെ അടയാളപ്പെടുത്താൻ സുരേഷ് ഗോപിയുടെ ഒരു മാസ് ഡയലോഗ് ആണ് ഏറ്റവും ഉചിതം എന്ന് തോന്നുന്നു. “ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും.” 

 എന്തായാലും പരമ്പര1-1 ന് സമനിലയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ ബ്രിസ്ബേനിലെ അവസാന ടെസ്റ്റ് ഓരോ ക്രിക്കറ്റ് ആരാധകനും ആവേശം പകരും എന്നതിൽ തർക്കമില്ല. നമുക്ക് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!