ടേബിളിൽ മുൻനിരയിൽ നിൽക്കുന്ന ടീമുകളുടെ ആവേശ പോരാട്ടത്തിൽ ഡൽഹിക്ക് എതിരെ ബാംഗ്ലൂരിന് 1 റൺസിന്റ ജയം. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഡിവില്ലിയേഴ്സിന്റെ മികവിൽ പടുത്തുയർത്തിയത് 171 റൺസ് , മറുപടിയിൽ അവസാന ബോളിൽ 6 റൺസ് വേണ്ടിയിരിക്കെ ഡൽഹിക്ക് നേടാനായത് 4 റൺസ് മാത്രം , ജയത്തിനൊടുവിൽ ബാംഗ്ലൂരിന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം.
സാധാരണ മികച്ച തുടക്കം നല്കാറുള്ളഓപ്പണർമാരായ വിരാട് കോലിയേയും ദേവ്ദത്ത് പടിക്കിലിനേയും തുടക്കത്തിലെ മടക്കി ഡൽഹി ആധിപത്യം സ്ഥാപിച്ചു.കോലി 12 റൺസെടുത്തപ്പോൾ 17 റൺസായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ സീസണിൽ മികച്ച ഫോമിൽ ഉള്ള മാക്സ്വെല്ലിനും 25 ( 20 )അധികം ആയുസുണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ ടീമിന് തുണയായി കളിക്കുന്ന ഡിവില്ലിയേഴ്സ് ഒരിക്കൽ കൂടി ടീമിന്റെ രക്ഷകനാകുന്ന കാഴ്ച്ചയാണ് കണ്ടത്.
തന്റെ പതിവ് ശൈലിയിൽ തകർത്തടിച്ച എബിഡി,സ്റ്റോയ്ൻസ് എറിഞ്ഞ 20-ാം ഓവറിൽ ഡിവില്ലിയേഴ്സ് നേടിയത് മൂന്നു സിക്സുൾപ്പെടെ 23 റൺസാണ്, ഒടുവിൽ 150 റൺസിന് താഴെ പോകുമായിരുന്ന സ്കോർ 170 കടത്തിയത് ഡിവില്ലിയേഴ്സിന്റെ 75 (42) മികച്ച ബാറ്റിംഗ് പ്രകടനമാണ്.ഇതിനിടെ, ഐപിഎലിൽ 5000 റൺസ് ക്ലബിൽ എത്തുകയും ചെയ്തു എബി ഡി.സ്റ്റോയിനസ് ഒഴികെയുള്ള അഞ്ച് ബോളർമാരും റൺസ് കൊടുക്കാൻ പിശുക്കി. അഞ്ച് പേരും ഓരോ വിക്കറ്റ് വീതം നേടുകയും ചെയ്തു.
മറുപടി ബാറ്റിംഗിൽ 172 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡൽഹിയുടെ തുടക്കം കരുതലോടെ ആയിരുന്നെങ്കിലും സ്കോർ 23ൽ നിൽക്കെ ഓറഞ്ച് ക്യാപ് ഉടമ ശിഖർ ധവാൻ 6 (7) 28 ൽ നിൽക്കെ സ്‌റ്റീവ് സ്മിത്ത് 4 ( 5 ) എന്നിവരെ നഷ്ടമായത് തിരിച്ചടിയായി. മറുവശത്ത് തകർത്തടിച്ചുകൊണ്ടിരുന്ന ഓപ്പണർ പൃഥ്വി ഷായ്ക്കും 21 (18) അധികം ആയുസ്സുണ്ടായില്ല. ഷായ്ക്ക് കൂട്ടായി 45 റൺസ് കൂട്ടുകെട്ട് തീർത്ത സ്റ്റോയ്നിസും 22 (17) പെട്ടെന്ന് തന്നെ പുറത്തായി.
അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഋഷഭ് പന്ത് 58 (48) ഷിമ്രോൺ ഹെറ്റമെയർ 53 (25) സഖ്യമാണ് ഡൽഹിക്ക് വിജയപ്രതീക്ഷ പകർന്നത്. ഒരറ്റത്ത് ഹെറ്റമെയർ ആക്രമിച്ചപ്പോൾ പന്ത് മികച്ച പിന്തുണ നൽകി. ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടയിൽ
വിജയപ്രതീക്ഷ നല്കിയത് കെയ്ൽ ജമെയ്സൺ എറിഞ്ഞ 18-ാം ഓവറാണ് , മൂന്ന് സിക്സ് ഉൾപ്പടെ 21 റൺസാണ് ഇവിടെ ലഭിച്ചത്.അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസായിരുന്നു.
എന്നാൽ സിറാജ് എറിഞ്ഞ ആ ഓവറിൽ 12 റൺസ് കണ്ടെത്താനെ ഋഷഭ് പന്തിനും ഷിമ്രോൺ ഹെറ്റ്മെയറിനും കഴിഞ്ഞുള്ളു. നിർണായകമത് പർപ്പിൾ ക്യാപ് ഉടമയായ ഹർഷൽ പട്ടേൽ എറിഞ്ഞ 19 -ാം ഓവർ ,ഈ ഓവറിൽ ഡൽഹി നേടിയത് 11 റൺസ് മാത്രമാണ്. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ രണ്ടും സിറാജ് ജമെയ്സൺ എന്നിവർ ഓരോ വിക്കറ്റും നേടി.
എബിഡിയെ പോലെ ഒരു താരത്തിന് എതിരെ അവസാന ഓവറിൽ റബാഡയെ പോലെ ഒരു ബൗളർക്ക് പകരം സ്റ്റോയ്നിസിനെ നിയോഗിച്ച രീതിയെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
1 Comment