ഈ അടുത്ത് സുരേഷ് ഗോപി സിനിമയിലെ ഒരു ഡയലോഗ് കേട്ടു ” ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും” ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആദ്യ രണ്ട് സെറ്റും നഷ്ടപെടുത്തി തിരികെ വന്ന് മൂന്ന് സെറ്റും ജയിച്ച് കിരീടം ഉയർത്തിയ ജോക്കോവിച്ചിന്റെ പ്രകടനം കാണുമ്പോൾ പ്രശസ്ത ഡയലോഗ് ഓർമ്മ വന്നത്.ഞായറാഴ്ച നടന്ന ഫൈനലിൽ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകർത്താണ് ജോക്കോ കിരീടമുയർത്തിയത്. നാലു മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്ന പോരാട്ടം ആരാധകരുടെ മനസിൽ ആവേശം നിറച്ചു.സ്കോർ 6-7, 2-6, 6-3, 6-2, 6-4.താരത്തിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടമാണിത്.
റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിലേക്ക് ഒരു കിരീടത്തിന്റെ മാത്രം ദൂരത്തിലാണ് ജോക്കോ . ഓപ്പൺ കാലഘട്ടത്തിൽ നാലു ഗ്രാൻസ്‍ലാം കിരീടങ്ങളും കുറഞ്ഞത് രണ്ടു തവണ വീതമെങ്കിലും നേടുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്. ‘കളിമൺ കോർട്ടിലെ രാജകുമാരൻ’ സ്പെയിനിന്റെ റാഫേൽ നദാലിനെ സെമിയിൽ തകർപ്പൻ പോരാട്ടത്തിലൂടെ കീഴ്പ്പെടുത്തിയ ജോക്കോവിച്ച്, ഫൈനലിലും ഐതിഹാസിക തിരിച്ചുവരവിലൂടെയാണ് രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടിയത്. മികച്ച പ്രകടനം കാഴ്ചവച്ച സിറ്റിപാസ് വരുംകാല ടെന്നീസ് ലോകം തന്റെ കൂടിയാകുമെന്ന് ഈ പ്രകടനത്തിലൂടെ കാണിച്ചു തന്നിരിക്കുന്നു