അസാധ്യം എന്നൊരു വാക്ക് ഫുട്ബോളിൽ ഇല്ല എന്നതിന് ഇതാ മറ്റൊരു തെളിവ് ; ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ 83 മിനിറ്റ് വരെ ഗോൾ അടിക്കാതിരുന്ന പോർച്ചുഗൽ മത്സരം അവസാനിക്കുമ്പോൾ ഹംഗറിക്ക് എതിരെ നേടിയത് മൂന്ന് ഗോൾ വിജയം . 84-ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ഗോളിലേക്കുള്ള റാഫ സിൽവയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്റോയുടെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.ഗോൾ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. 86-ാം മിനിറ്റിൽ റാഫ സിൽവയുടെ മുന്നേറ്റം തടഞ്ഞ വില്ലി ഒർബാന് പിഴച്ചു. പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. 87-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ പോർച്ചുഗലിന്റെ ലീഡുയർത്തി.
പിന്നാലെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ റാഫ സിൽവയുമൊത്തുള്ള മുന്നേറ്റത്തിനൊടുവിൽ റോണോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. ഫ്രാൻസ്, ജർമനി തുടങ്ങിയ വമ്പന്മാർ ഉള്ള ഗ്രൂപ്പിൽ ഹംഗറിക്ക് എതിരെയുള്ള വിജയം പോർച്ചുഗലിന് ഗുണം ചെയ്യും. റാഫേൽ സിൽവ , റൊനാറ്റോ സാഞ്ചോസ് എന്നിവർ കളിക്കളത്തിൽ എത്തിയ ശേഷമാണ് വേഗമേറിയ ആക്രമണങ്ങൾ പോർച്ചുഗലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
തോറ്റെങ്കിലും 80-ാം മിനിറ്റ് വരെ പോർച്ചലിനെ പിടിച്ചുകെട്ടിയ ഹംഗറി മികച്ച പ്രകടനമാണ് നടത്തിയത്. വേഗതയേറിയ കൗണ്ടർ അറ്റാക്കിങ്ങിലൂടെ പോർച്ചുഗൽ പ്രതിരോധത്തെ പരീക്ഷിച്ച ഹംഗറി താരം ഗെർഗോ ലോവ്റെൻസിക്സ് 80-ാം മിനിറ്റിൽ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. മുന്നേറ്റ നിര താരം റോളണ്ട് സല്ലായ് ,ഗോൾകീപ്പർ പീറ്റർ ഗുലാക്സിയുടെ എന്നിവരുടെ മികച്ച പ്രകടനങ്ങളും മുന്നോട്ട് ഉള്ള യാത്രയിൽ അവർക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്