ഇന്ത്യ– ന്യൂഡീലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു പ്രതികൂല കാലവസ്ഥ വീണ്ടും തിരിച്ചടിയായതോടെ രണ്ടാം ദിനവും മുഴുവൻ ഓവർ പൂർത്തിയാക്കാതെ കളി മുടങ്ങി.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തു നിൽക്കെ വെളിച്ചക്കുറവ് മൂലം ഉപേക്ഷിക്കുകയായിരുന്നു.ക്യാപ്റ്റൻ വിരാട് കോലി (44*), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (29*) എന്നിവരാണു ക്രീസിൽ. 64.4 ഓവർ മാത്രമാണ് പന്തെറിയാൻ സാധിച്ചത്.
നേരത്തെ 88 റൺസ് എടുക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത് ശർമ (34), ശുഭ്മാൻ ഗിൽ (28), ചേതേശ്വർ പൂജാര (8) എന്നിവർ പുറത്തായത് ടീമിന് തിരിച്ചടിയായി. രോഹിതിനെ ജാമിസണിന്റെ പന്തിൽ സൗത്തി പിടികൂടിയപ്പോൾ ഗില്ലിനെ വാഗ്നർ കീപ്പർ വാട്ലിങ്ങിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ പൂജാര ക്ഷമയോടെ തുടങ്ങിയെങ്കിലും എട്ടുറൺസെടുത്ത താരത്തെ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ 62 ന് പൂജ്യം എന്ന നിലയിൽ നിന്നും 88 ന് മൂന്ന് എന്ന സ്കോറിലേക്ക് ഇന്ത്യ വീണു.ശേഷം ടീമിനെ കരകയറ്റുന്ന ഉത്തരവാദിത്വം ക്യാപ്ടൻ കോഹ്ലിയും വൈസ് ക്യാപ്റ്റൻ രഹാനെയും മനോഹരമായി നിർവഹിച്ച് വരുന്നിടത്ത് കാലാവസ്ഥ രസംകൊല്ലിയായി. .എന്തായാലും ആവേശകരമായ മത്സരത്തിനിടെ ഇടയ്ക്കിടെ കളി മുടങ്ങുന്നത് നിരാശ പകരുന്ന കാഴ്ച്ചയാണ്.