ആറ് വർഷം, 6 ഐ.സി.സി ട്രോഫികൾ , മൂന്ന് ഫൈനലുകൾ മൂന്ന് സെമി ഫൈനലുകൾ , ലോക ക്രിക്കറ്റിലെ മികച്ച താരമായ കോഹ്ലിയുടെ നേത്യത്വത്തിൽ ഉള്ള സംഘത്തിന് ഇത്തവണത്തെ ഫൈനലിലും പിഴച്ചപ്പോൾ പടിക്കൽ കലമുടയ്ക്കുന്നവർ എന്ന പഴി ഇനി ന്യൂസീലൻഡിന് ചേരില്ല. തുടർച്ചയായി രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ ഏകദിന കിരീടം കൈവിട്ട ചരിത്രമുള്ള കിവീസ് ഇംഗ്ലീഷ് മണ്ണിൽ വച്ചുതന്നെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി പിഴ തീർത്തു. മഴയും ഇന്ത്യയുടെ സ്പിൻ – പേസ് ആക്രമണങ്ങളെ സധൈര്യം നേരിട്ടാണ് ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. മഴമൂലം റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ കന്നി കിരീടജയം.
മഴയിൽ മുങ്ങിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ജാമിസണിന്റെ 5 വിക്കറ്റ് പ്രകടനത്തിന് മുന്നിൽ മുട്ടുവിറച്ച് 217 റൺസ് മാത്രമാണ് നേടാനായത്. 32 റൺസ് ലീഡോടെ 249 റൺസായിരുന്നു കിവീസിന്റെ മറുപടി. രണ്ടാമിന്നിങ് ഇന്ത്യ വെറും 170 റൺസിന് കൂടാരം കയറി.അവസാന ദിവസം പിടിച്ചുനിന്നു മത്സരം രക്ഷിച്ചെടുക്കുന്നതിനു പകരം അനാവശ്യ ഷോട്ടുകളിലൂടെ ബാറ്റ്സ്മാൻമാർ വലിച്ചെറിഞ്ഞതോടെ കിവികൾക്ക് കാര്യങ്ങൾ എളുപ്പമായി. 139 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ 2 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ ഇന്ത്യയ്ക്ക് അൽപനേരം പ്രതീക്ഷ നൽകിയെങ്കിലും മറ്റു ബൗളർമാർ പിന്തുണയ്ക്കാതെ വന്നതോടെ 43 പന്തുകൾ ബാക്കി നിൽകെ ന്യൂസിലന്റ് കിരീടം സ്വന്തമാക്കിയ മത്സരത്തിൽ ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലുമായി 7 വിക്കറ്റ് നേടിയ ജാമിസനാണ് മത്സരത്തിന്റെ താരം.
1 Comment