എഫ്രേംസിലെ ദ്രോണാചാര്യർ
റൊസാരിയോ തെരുവിലെ ആരവങ്ങൾ കേരളത്തിലും

ധോണി എന്റെ കൂടെ ഉണ്ടെങ്കിൽ ഏതൊരു യുദ്ധത്തിനും എനിക്ക് ധൈര്യമായി പോകാം – ഗാരി കിർസ്റ്റൺ

2005 / 06 കാലത്തെ ഇന്ത്യയുടെ പാക്കിസ്താൻ പര്യടനം, ടെസ്റ്റ് പരമ്പര നഷ്ടട്ടെ ഇന്ത്യക്ക് മാനം രക്ഷിക്കാൻ ഏകദിന പരമ്പര അനിവാര്യം .ഇരുടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങി. ഷോയബ് മാലിക്കിന്റെ സെഞ്ചുറി മികവിൽ പാകിസ്താൻ പടുത്തുയർത്തിയത് 289 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം, ഇന്ത്യൻ മറുപടിയിൽ 190 റൺസ് എടുക്കുന്നുതിനിടയിൽ 5 വിക്കറ്റുകൾ നഷ്ട്ടം . ക്രീസിൽ നിൽക്കുന്നത് ധോണി -യുവരാജ് സഖ്യം. അതുവരെ മികച്ച രീതിയിൽ പന്തെറിയുകയായിരുന്ന പാക്കിസ്താൻ ബൗളറുമാർക്ക് ധോണി എത്തിയതോടെ താളം തെറ്റുന്നു. എല്ലാ ബൗളറുമാരെയും കടന്നാക്രമിച്ച് ആധിപത്യം നേടിയ ധോണി 35 പന്തിൽ അർദ്ധ സെഞ്ചുറി പൂർത്തിയാക്കുകയും ഒടുവിൽ 14 പന്തുകൾ ബാക്കി നിൽക്കെ അസാധ്യം എന്ന് തോന്നിച്ച ആ വിജയലക്ഷ്യം നേടുകയും ചെയ്തു. ആ മത്സരത്തിന് ശേഷം നടന്ന ഒരു സംഭവം ഇന്നും കാണികളുടെ മനസ്സിൽ ഉണ്ട് , കളി കാണാനെത്തിയ പാക്കിസ്താൻ പ്രസിഡന്റ് ധോണിയെ പ്രശംസ കൊണ്ട് മൂടുന്ന കൂട്ടത്തിൽ നീളൻ മുടി ഒരിക്കലും വെട്ടി കളയരുതെന്ന് പറയുകയും ചെയ്തു.

ക്രിക്കറ്റിന് വലിയ വേരോട്ടം ഒന്നും ഇല്ലാതിരുന്ന ജാർഖണ്ഡിലെ റാഞ്ചി എന്ന പട്ടണത്തിൽ നിന്നും വന്ന ആ നീളൻ മുടിക്കാരൻ പിന്നീട് മുടി മുറിച്ചപ്പോഴും സ്റ്റൈലുകളിൽ മാറ്റം വരുത്തിയപ്പോഴും ചെറുപ്പക്കാർ അത് ഏറ്റെടുത്തു. സച്ചിനു ശേഷം ഇത്രയേറെ ആഘോഷിക്കപ്പെട്ട ഒരു ബ്രാന്റ് വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. വലിയ പട്ടണങ്ങളിലും നിന്നും വന്ന കുട്ടികൾ സൂപ്പർ താരങ്ങളാകുന്ന ഇന്ത്യൻ ടീമിന്റെ ആ “പട്ടണ സംസ്ക്കാരം’ മാറിയത് ധോണിയുടെ വരവോട് കൂടിയാണെന്ന് കണക്കുകൾ പറയുന്നു.

കളി മികവിനൊപ്പം തന്നെ ധോണിയുടെ ബ്രാൻഡിംഗ്‌ മൂല്യവും ഉയർന്ന് കൊണ്ടിരുന്നു. പരസ്യക്കമ്പനികൾ അദ്ദേഹത്തിന്റെ പിറകേ ക്യൂ നിന്നു. കോടികൾ പരസ്യ വരുമാനം ഉണ്ടാക്കുമ്പോഴും റാഞ്ചിയിലെ ഇട റോഡുകളിലൂടെ ബൈക്ക് ഓടിക്കാനും , കൂട്ടുകാരുമായി വർത്തമാനം പറയാനും അയാൾ സമയം കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് നേരിട്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ 2007 ലോകകപ്പിലെ തോൽവിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന് ഇനി ഒരു മടങ്ങി വരവില്ല എന്ന് പറഞ്ഞ് ആളുകൾ കുറ്റപെടുത്തിയപ്പോൾ ടീം ഒന്നടങ്കം തകർന്നിരുന്നു .എന്നാൽ ആ സമയത്ത് ആരും ഏറ്റെടുക്കാൻ മടിക്കുന്ന ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത് അതെ വർഷം ട്വന്റി ട്വന്റി ലോകകപ്പ് നേടിക്കൊടുത്തു.

ഗിൽക്രിസ്റ്റിനെപ്പോലെ ബാറ്റ്‌ ചെയ്യുന്നൊരു വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാൻ സ്വപ്നത്തിൽ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർക്ക്‌ കിട്ടിയതോ അത് പോലെ ഒരു മികച്ച കീപ്പറെയും , മികച്ച നായകനെയും മികച്ച ഫിനിഷറെയും – ഒരു പൂവ് ചോദിച്ചപോൾ ഒരു പുക്കാലം കിട്ടിയ അവസ്ഥ ആയിരുന്നു ഇന്ത്യൻ ആരാധകർക്ക് .ധോണിയെക്കുറിച്ച്‌ ഇതേ ഗിൽക്രിസ്റ്റ്‌ തന്നെ പിൽക്കാലത്ത്‌ പറഞ്ഞ വാക്കുകൾ അയാളുടെ മഹത്വം എടുത്ത്‌ കാട്ടുന്നു. അതിപ്രകാരമായിരുന്നു.”The best compliment for me is when someone says they’ll pay to watch me play, And I can say that I’ll pay to watch MS Dhoni bat. MS is not the next Gilchrist. He’s the first MS Dhoni” . ഇതിൽ എല്ലാം ഉണ്ടായിരുന്നു

ഗ്രീക്ക് ഇതിഹാസഗ്രന്ഥമായ ഒഡീസിയിൽ ഒരു കഥാപാത്രമുണ്ട്. ‘അക്ക്വിലസ്’. വിശ്വവിഖ്യാതമായ ട്രോജൻ യുദ്ധം അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന സന്ദർഭം, എതിരാളികളുടെ കനത്ത ആക്രമണത്തിൽ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് പോലെ ഗ്രീക്ക് പടക്ക് തോന്നി.മഹത്തായ ഗ്രീക്ക് സാമ്രാജ്യഅധികാരദണ്ഡിന്റെ തകർച്ച അവർ മുന്നിൽ കണ്ടു. ട്രോജൻ രാജകുമാരൻ, ഹെക്ടറിന്റെ ശക്തമായ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ രണഭൂമിയിൽ അവർ ചിന്നിച്ചിതറി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന നിനച്ച ഗ്രീക്ക് സൈന്യം സർവ്വതും വലിച്ചെറിഞ്ഞ് ജീവനും കൊണ്ടോടാൻ തീരുമാനിച്ചു. ഈ സന്ദർഭത്തിലാണ് പുതിയ നായകൻ അക്വിലസിന്റെ രംഗപ്രവേശം. പ്രതാപം നഷ്ട്ടമായ ഗ്രീക്ക് പടയെ ഒരുമിച്ചു കൂട്ടാൻ അയാൾ തീരുമാനിച്ചു.

ടീമിന് എവിടെയോ നഷ്ടപെട്ട പോരാട്ട വീര്യം അക്വിസിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ധോനി തന്റെ വാക്കുകൾ കൊണ്ടും, ബുദ്ധികൊണ്ടും പോരാടിയപ്പോൾ ടീം മുഴുവൻ ആ വീര്യം ഏറ്റെടുത്തു ,ഇന്ത്യ പ്രഥമ ട്വന്റി ട്വന്റി ജേതാക്കളായി .. ഞാൻ പറഞ്ഞ ബ്രാന്റ് വളർച്ച അവിടെ ആരംഭിച്ചു. അക്വിലിസിനെ പോലെ തീരുമാനങ്ങളിൽ നിശ്ചയദാര്‍ഢ്യവും , ശാന്തതയും ഉള്ളവനായിരുന്നു ധോനി. ധോനിയുടെ ചില തീരുമാനങ്ങളിൽ ആദ്യം ഏവരും സംശയിക്കും, പിന്നീട് അവൻ ആയിരുന്നു ശരി എന്ന് മനസിലാക്കും.

 .2011 ലോകകപ്പിൽ ഇന്ത്യ ടൂർണമെന്റിന്റെ ഭൂരിഭാഗവും ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിനൊപ്പം തുടർന്നെങ്കിലും ക്വാർട്ടർ ഫൈനലിലേക്ക് രവിചന്ദ്രൻ അശ്വിനെ കൊണ്ടുവന്നു അശ്വിൻ ക്യാപ്ടന്റെ വിശ്വാസം കാത്ത് 10 ഓവറിൽ 52 ന് 2 വിക്കറ്റ് നേടി. ഷെയ്ൻ വാട്സന്റെയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെയും പ്രധാന വിക്കറ്റുകൾ അദ്ദേഹം നേടി. ഫോമിൽ അല്ലാതിരുന്നിട്ടും ഫൈനലിൽ സ്ഥാനക്കേറ്റം നേടി ഏറ്റവും മികച്ച ഇന്നിങ്സ് കാഴ്ച്ചവെച്ച് വിജയ റൺ നേടിയ ചിത്രം ക്രിക്കറ്റ് പ്രേമികൾക്ക് എങ്ങനെ മറക്കാൻ സാധിക്കും.

” തോൽക്കുമ്പോൾ മുമ്പിൽ നടക്കാനും ജയിക്കുമ്പോൾ  പുറകിൽ നിൽക്കാനും ” ഇഷ്ടപെട്ട നായകൻ  ആയിരുന്നു ധോണി . ഏത് വലിയ സ്കോർ പിന്തുടരുമ്പോൾ ധോണി ക്രീസിൽ ഉണ്ടെങ്കിൽ ആരാധകർക്ക് പ്രതീക്ഷയായിരുന്നു. ഒരു പ്രതീക്ഷയും ഇല്ലാത്ത ഘട്ടത്തിൽ ക്രീസിൽ എത്തി ടീമിനെ വിജയവര കടത്തിയിട്ടുണ്ട്. തുടർച്ചയായ 10 വർഷം (2006 – 2015 ) ഐ.സി.സി യുടെ ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനത്ത് ഉണ്ടായിരുന്ന ഏക താരവും ധോണി തന്നെ. 2015 ന് ശേഷം ധോണിയിലെ ഫിനിഷറെ അധികം കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് സാധിച്ചിരുന്നില്ല. പലപ്പോഴും ഇഴഞ്ഞു നീങ്ങിയ ബാറ്റിങ്ങ് ശൈലിയുടെ പേരിൽ ട്രോളന്മാർക്കിടയിൽ ധോണി ആഘോഷിക്കപെട്ടിരുന്നു .

 ക്യാപ്ടൻസി കോഹ്‌ലിക്ക് കൈമാറിയപ്പോഴും , ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചപ്പോഴും ധോണി ശാന്തനായി തന്റെ തീരുമാനങ്ങൾ അറിയിച്ചു. 2019 ലോകകപ്പ് കിരീടത്തേടെ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിച്ച ധോണിയെ ഞെട്ടിച്ചുകൊണ്ട് സെമിഫൈനലിലെ റൺ ഔട്ട് നിർഭാഗ്യം കൂടി ചേർന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വേഗക്കാരനായ ധോണിക്ക് ആ നിമിഷം പിഴച്ചു ,മിന്നൽ വേഗത്തിൽ എതിരാളികളെ പുറത്താക്കിയ അയാളുടെ ത്രോകൾ അന്ന് അയാൾക്ക് എതിരായി .മുമ്പൊരിക്കലും കാണാത്ത നിരാശയിൽ തിങ്ങി നിറഞ്ഞ കാണികളെ സങ്കടത്തിലാഴ്ത്തി അയാൾ നടന്നകടന്നു. പിന്നീട് അയാൾ ആ നീല ജഴ്സിയിൽ കളത്തിൽ ഇറങ്ങിയില്ല , അതിന് ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യ ദിന ആഘോഷം അരങ്ങേറുമ്പോൾ അയാൾ ട്വിററിലൂടെ ” ഇന്ന് 7 :29 മുതൽ ഞാൻ ടീമിന്റെ ഭാഗമായിരിക്കില്ല, പിന്തുണച്ച എല്ലാവർക്കും നന്ദി ” എന്ന ട്വീറ്റോടെ വിരമിക്കൽ അറിയിച്ചു. 

നന്ദി ഇതിഹാസമേ , ഒരുപാട് നന്ദി. കളിക്കളത്തിൽ സമ്മാനിച്ച സുഖമുള്ള ഓർമ്മകൾക്ക് . ഒരു ധോണി ആരാധകൻ എന്ന നിലയിൽ അറിയാം ” ഇനി മടങ്ങി വരില്ലെന്ന് ” എങ്കിലും സമ്മർദ്ദം പേറുന്ന അവസരത്തിൽ തോൽവി ഉറപ്പിച്ച മത്സരങ്ങളിൽ തേർഡ്മാനിൽ നിന്നുമൊരു ലോങ്ങ്‌ ത്രോ വിക്കെറ്റ് കീപ്പിങ് എൻഡിലേക്കു പോവുമ്പോൾ അറിയാതെ മനസ്സു തിരയുന്നത് അയാളുടെ മുഖമാണ്. ആഗ്രഹിച്ചുപോവുകയാണ്, ഒരു നോ ലുക്ക്‌ ഗ്ലാൻസിലൂടെ പന്തിനെ വിക്കറ്റിലേക്കു തിരിച്ചുവിടുന്ന മാന്ത്രികതയുമായി അയാൾ അവിടെയുണ്ടായിരുന്നെങ്കിൽ.. പിറന്നാൾ ആശംസകൾ പ്രിയ ധോണി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!