എത്ര ഉയരമുണ്ട് എന്നതിലല്ല എത്ര ഉയർന്ന് നില്ക്കുന്നു എന്നതിലാണ് കാര്യം
റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്ക് ഇനി പറഞ്ഞു പഴകിയ പഴംകഥകളെ മറക്കാം.. പുതിയ തലമുറയ്ക്ക് അവരും സാക്ഷിയായ പോരാട്ടവീര്യത്തിന്റെ കഥകൾ പറഞ്ഞ് കൊടുക്കാം. ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മാരക്കാനയിലെ ഫുട്ബോൾ രാവിൽ ആതിഥേയരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തി കോപ്പ അമേരിക്ക കിരീടം ഉയർത്തുമ്പോൾ അർജന്റീനക്ക് ഇത് വെറുമൊരു കിരീടമല്ല. പോർവിളികളുടെ , ട്രോളുകളുടെ, കളിയാക്കലുകളുടെ അവസാനം, 28 വർഷത്തെ കിരീട വളർച്ച അവസാനിക്കുമ്പോൾ റൊസാരിയോ തെരുവിൽ മാത്രമല്ല ലോകം മുഴുവൻ ഉള്ള അർജന്റീന ആരാധകർക്ക് ആനന്ദകണ്ണീർ മാത്രം.
എഴുത്തുകളിലും, വർത്തമാനങ്ങളിലും, വാഗ്വാദങ്ങളിലും മെസിയെ വിമർശിക്കാൻ ഏറെ ഇഷ്ടമുള്ള ഒരാളായിരുന്നു ഇതെല്ലാം എഴുതുന്ന വ്യക്തി. അയാൾ മികച്ച താരമാണെന്ന് അറിയാമെങ്കിലും സുഹ്യത്തുക്കളോട് ഉള്ള തർക്കങ്ങളിൽ അദ്ദേഹത്തെ എതിർക്കുന്നത് ഒരു ഹരമായിരുന്നു , കാരണം ഇഷ്ടപ്പെടുന്ന കളിക്കാരൻ റൊണാൻഡോ നിൽക്കുമ്പോൾ മെസിയെ അംഗീകരിക്കുന്നത് ആത്മഹത്യപരമായ ഒരു തീരുമാനമായി പോകും എന്ന തിരിച്ചറിവ് തന്നെ. എന്നിലെ റൊണാൽഡോ ആരാധകനോ തർക്കിക്കുന്നവരിലെ മെസി ആരാധകനും പറയാൻ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു.
തർക്കങ്ങൾ വാട്ട്സ്ആപ്പ് ചാറ്റുകളിലും ഫോൺ വിളികളിലും ഒക്കെ തുടരുന്ന നാളുകളിലാണ് കോപ്പ അമേരിക്ക വിരുന്നെത്തുന്നത് .ഒരു ആഗ്രഹം മാത്രം – അർജന്റീന ഒഴിച്ച് വേറെ ഏത് ടീം വേണമെങ്കിലും കപ്പടിക്കട്ടെ, ഇഷ്ട്ട ടീം ബ്രസീൽ ആണെങ്കിൽ നല്ല ഫോമിലും . ടൂർണമെന്റ് തുടങ്ങി ,എന്റെ ആഗ്രഹത്തിന് വിരുദ്ധമായി അർജന്റീന പതിവില്ലാത്ത രീതിയിൽ കളിക്കുന്നു .കിലുക്കം സിനിമയിലെ കിട്ടുണിയെ പോലെ ” കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് ” കൂടി പോയാൽ ക്വാർട്ടറിൽ അല്ലെങ്കിൽ സെമി പക്ഷേ സെമിയും കടന്ന് എന്റെ ഇഷ്ട്ട ടീമായ ബ്രസീലിനെ പരാജയപെടുത്തി അവർ കിരീടം ഉയർത്തുമ്പോൾ കിട്ടുണിയെ പോലെ എന്റെ ബോധം പോയി.
നാല് ഗോളുകൾ അഞ്ച് അസിസ്റ്റുകൾ , ഇന്റർനാഷണൽ ട്രോഫി മെസി നിറഞ്ഞാടി നിൽക്കുമ്പോൾ അർജന്റീന ആരാധകർ “എന്ത്യയെ നിന്റെ ബ്രസീലും നെയ്മറും ഒക്കെ എന്റെ മറുപടി ” ഞാൻ ഒരു സത്യം പറയട്ടെ, എനിക്ക് ഒന്നു ഓർമ്മയില്ല ” . 2018 ലോകകപ്പിൽ നായകൻ എന്ന നിലയിൽ ടെൻഷനടിച്ച് നിൽക്കുന്ന മെസിയുടെ ചിത്രത്തിൽ നിന്ന് 2021 കോപ്പ അമേരിക്കയിൽ ടീമിനെ മുഴുവൻ പ്രചോദിപ്പിക്കുന്ന നായകനായി അയാൾ മാറി കഴിഞ്ഞിരിക്കുന്നു. ഫാനിസം മാറ്റി വെച്ചിട്ട് ചിന്തിച്ചാൽ ലോകഫുട്ബോളിലെ ചലിക്കുന്ന കവിതയെ ആസ്വദിക്കാൻ ശീലിച്ച് തുടങ്ങിയില്ലെങ്കിൽ അത് എനിക്ക് തന്നെയായിരിക്കും നഷ്ട്ടം
ഫുട്ബോൾ പണ്ഡിതന്മാർ എല്ലാം ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമാണ് ‘മെസ്സിയെ പിടിച്ചു നിർത്താനുള്ള ഏക മാർഗ്ഗം അദ്ദേഹത്തിനു പന്ത് എത്തിക്കാതിരിക്കുക എന്നതു മാത്രമാണ്. കാലിൽ പന്തുള്ള മെസ്സി ദൈവതുല്യൻ, അവനെ തടുക്കാൻ സാധ്യമല്ല എന്ന് എതിരെ കളിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. മെസ്സിയുടെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിൽ അദ്ദേഹത്തിന്റെ പരിശീലകൻ ആയിരുന്ന പെപ് ഗാർഡിയോള ഒരിക്കൽ പറഞ്ഞു : ” എല്ലാവരും കരുതും മെസ്സി കളിക്കുന്നത് കഴിവ് കൊണ്ട് മാത്രമാണെന്ന് , കാലുകൾ കൊണ്ട് മാത്രമാണെന്ന് , പക്ഷെ അങ്ങനെയല്ല ഓരോ നിമിഷവും അദ്ദേഹം മൈതാനത്തിന്റെ മുക്കും , മൂലയും അറിഞ്ഞാണ് കളിക്കുന്നത്. പന്ത് കാലിലില്ലാത്ത മെസ്സി മൈതാനം വകഞ്ഞു കൊണ്ട് ഇരിക്കും പന്ത് കാലിൽ കിട്ടുമ്പോഴേക്കും ചെയ്യാനുള്ളതിന്റെ രൂപരേഖ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ടാകും.
ഈ കോപ്പ അയാളുടെ തന്നെയായിരുന്നു ദേശീയ ടീമിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പേരുദോഷം ഗോളടിച്ചും , ഗോളടിപ്പിച്ചും ,പ്രതിരോധത്തെ സഹായിച്ചും ഒക്കെ അയാൾ നിറഞ്ഞാടി. വാസ്തവത്തിൽ അയാൾക്ക് എന്ത് തെളിയിക്കാൻ ആണ് ബാക്കി ഉണ്ടായിരുന്നത്. “ആനയ്ക്ക് എന്തിനാ നെറ്റിപ്പട്ടം ” എന്ന് പറഞ്ഞ പോലെയാണ് മെസിക്ക് എന്തിനാ ഇന്റർനാഷണൽ ട്രോഫി എന്ന് പറയുന്നത്. തന്നെ ഏത് കുറവിന്റെ പേരിലാണോ ലോകം കളിയാക്കിയത് അവർക്ക് അതേ കിരീടം നേടി മറുപടിയുമായി അയാൾ നിൽക്കുകയാണ്.
നിങ്ങൾ ഗോളടിക്കാത്ത കളികൾ വരുമ്പോൾ ചിരിച്ചതിനും , പെനാൽറ്റി അടിക്കാതെ ഇരുന്നപ്പോൾ സന്തോഷിച്ചതിനും , ട്രോളിയതിനും സമയം കളഞ്ഞതോർത്ത് വിഷമം ഉണ്ട്. കിട്ടുന്ന ഓരോ നിമിഷവും അവനെ ആസ്വദിക്കുക. ആ ജാലവിദ്യകളുടെ ബൂട്ട് അഴിയുന്ന കാലത്തോളം…
1 Comment