2016 റിയോ ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങ്ങിൽ മത്സരിച്ച താരങ്ങളിൽ ഏറ്റവും അവസാന സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച മീരഭായിചാനു എന്ന യുവതാരം നിരാശപെട്ടില്ല മറിച്ച് തന്റെ കുറവുകളെ കഴിവുകളാക്കുവാൻ ആ നാളുകളിൽ അദ്ധ്വാനിച്ച് തുടങ്ങി , 5 വർഷങ്ങൾക്ക് ഇപ്പുറം ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി മടങ്ങുമ്പോൾ അവളെ റിയോയിൽ കളിയാക്കിയവർ അവളെ വാഴ്ത്തിപാടാൻ തുടങ്ങി . ഇന്ന് 130 കോടി ജനങ്ങളുടെ അഭിമാനമായി സ്വർണത്തിന് തുല്യമായ വെള്ളിയുമായി അവൾ തിരിച്ചെത്തുമ്പോൾ ഭാരതത്തിന് ഇത് മാനം രക്ഷിക്കൽ .നമ്മളെക്കാൾ ചെറിയ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ പലവട്ടം ഉയർന്നു കേട്ട ഒളിംബിക് വേദിയിൽ 2008 ൽ അഭിനവ് ബിന്ദ്ര നേടിയ സുവർണ നേട്ടത്തിന് ശേഷം നമ്മുടെ ദേശീയ ഗാനം എന്തെ ഉയർന്നു കേട്ടില്ല. സ്വർണത്തിനും , പെട്രോളിനും ഉയർന്ന വിലയുള്ള നാട്ടിൽ ഒരു ഒളിമ്പിക്സ് സ്വർണ്ണ മെഡലിന്റെ കാര്യത്തിൽ നാം പിശുക്ക് കാണിക്കുന്നു
പ്രൊഫ. അച്യുത സാമന്ത്- വോളിബോൾ
ഹിമന്ത ബിശ്വ ശർമ്മ- ബാഡ്മിൻറൺ
അർജുൻ മുണ്ട- ആർച്ചറി
അജയ് സിംഗ്- ബോക്സിങ്
ബ്രിജ്ഭൂഷൺ ശരൺ സിംഗ്- റെസ്ലിങ്
രനീന്ദർ സിംഗ്- ഷൂട്ടിംഗ്
അനിൽ ജെയിൻ- ടെന്നീസ്
ആഡിൽ ജെ. സുമരിവല്ല –അത്ലെറ്റിക്സ്
മേൽപ്പറഞ്ഞ ആളുകൾ ഒളിമ്പിക്സിൽ മെഡലുകൾ നേടി നമ്മുടെ അഭിമാന താരങ്ങളായവരോ , അതാത് കളികളിലെ സൂപ്പർ താരങ്ങളോ അല്ല , മറിച്ച് ഓരോ അസോസിയേഷനുകളിലെ പ്രസിഡന്റുമാരുടെ പേരാണ്. പ്രസ്തുത പേരുകളിൽ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയുള്ളവർ രാഷ്ട്രിയക്കാരും, ബിസിനസുകാരുമാണ്. പ്രശ്നം എവിടെ തുടങ്ങുന്നു എന്ന് ഉത്തരം കിട്ടി തുടങ്ങിയില്ലേ ? രാഷ്ട്രിയക്കാരും ബിസിനസുകാരും അവരവരുടെ ജോലികൾ മറന്ന് ഫെഡറേഷനുകളുടെ തലപ്പത്ത് കയറിയിരിക്കുന്നത് എന്തെങ്കിലും സ്വാർത്ഥ ലാഭം ഉള്ളത് കൊണ്ടാകുമല്ലോ. ഇന്ന് ഇന്ത്യൻ കായികരംഗത്തിന്റെ യശസ് ഉയർത്തിപിടിക്കുന്നതിൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്ന ക്രിക്കറ്റിൽ വേണ്ടി വന്നാൽ ഒരേ സമയം രണ്ട് ടീമുകൾ ഇറക്കാൻ മാത്രം ശക്തരായത് എങ്ങനെയാണ് ? താഴെത്തട്ടിൽ മുതൽ മികച്ച പ്രവർത്തനങ്ങളും ,ചെറുപ്രായത്തിൽ മുതൽ നല്ല രീതിയിൽ കളിച്ചുവരുന്ന കുട്ടികളെ വാർത്തെടുക്കാൻ ദ്രാവിഡിനെ പോലെ ഒരു താരവും തലപ്പത്ത് ഗാംഗുലിയെ പോലെ ഒരു നായകനും. ഇത് ക്രിക്കറ്റിൽ മാത്രം അല്ല എല്ലാ കളികളിലും നമുക്ക് സാധിക്കും
നമ്മൾ ഒരു കാലത്ത് മേധാവിത്വം നേടിയിരുന്ന ഹോക്കിയിൽ നാം പിന്നോട്ട് പോയതിനും ( ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് ) മെഡലുകൾ വാരികൂട്ടുമെന്ന് പ്രതീക്ഷിച്ച ബാഡ്മിന്റണിലും, ഗുസ്തിയിലും, ബോക്സിംഗിലും, ഷൂട്ടിംഗിലും നാം പിന്നോട്ട് പോകുന്നതിന കൂടുതൽ കാരണങ്ങൾ തേടി അസോസിയേഷനുകളുടെ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്ന പേരുകൾ നോക്കുക. കളിയെ അറിയാവുന്നവർ ഉയർച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ വിജയങ്ങൾ നേടി വരും. ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന മീറ്റുകളിൽ നാം പിന്നോക്കം നിൽക്കാൻ കാരണം നമ്മുടെ താരങ്ങൾക്ക് കഴിവില്ലാത്തത് കൊണ്ടല്ല, മറിച്ച് നമ്മുടെ പരിശീലന രീതികളിലും മനോഭാവങ്ങളിലുമുള്ള വ്യത്യാസങ്ങൾ കൊണ്ടാണ്. ഇവിടെയാണ് കളിക്കാരെയും കളിയെയും അറിയാവുന്ന ഒരാൾ വലിയ സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യം വരുന്നത്
ടോക്കിയോ ഒളിംമ്പിക്സിന്റെ ആദ്യ ദിനം ഇന്ത്യയുടെ മീരാഭായി ചാനു വെള്ളി മെഡൽ നേടിയ ശേഷം വളരെ രസകരമായ ഒരു പോസ്റ്റ് കണ്ടു ” ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ഈ ഒളിംമ്പിക്സ് അവസാനിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു ” ഒരേ സമയം രസകരവും ചിന്തിക്കാൻ ഏറെ നല്കുന്ന ഒരു കാര്യമായി ഇത് തോന്നി , ഒരു മെഡൽ നേടുമ്പോൾ നമ്മുടെ രാജ്യം ഇത്ര ഏറെ ആഘോഷിക്കുന്നത് മറ്റൊരു മെഡലിന് നമുക്ക് സാധ്യത കുറവായത് കൊണ്ടാണെന്ന് തോന്നുന്നു. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ മാറ്റി മറിച്ചപ്പോൾ കായികരംഗത്തും ഒരുപാട് മാറ്റങ്ങൾ വന്നു, പല താരങ്ങളുടെയും ഫോമിനെ വരെ ഈ നാളുകൾ ബാധിച്ചു. ഇത്ര ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ അതിജീവിക്കാൻ സജ്ജരാകണം. ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കർ ഒളിമ്പിക്സിൽ നടത്തിയ മോശം പ്രകടനത്തിന് അദ്ദേഹത്തെ വിമർശിക്കുന്നവർ ദേശീയ റെക്കോർഡ് പ്രകടനം നടത്തിയ ശേഷം അയാളുടെ ഫോം എങ്ങനെ നഷ്ടപെട്ടു എന്ന് ചിന്തിക്കണം , താരത്തിന് 22 വയസ്സേ ആയിട്ടൊള്ളൂ ഇനിയും ഒരുപാട് വർഷം കരിയർ മുന്നിലുണ്ട്. ആദ്യ ഒളിമ്പിക്സിലെ പ്രകടനം മറന്ന് വലിയ പോരാട്ടങ്ങൾ താരത്തെ ഒരുക്കണം . ഈ പ്രാഫഷണൽ സമീപനത്തിന്റെ കുറവാണ് നമ്മുടെ പരാജയം .ക്രിക്കറ്റിൽ നാം കാണിക്കുന്ന ഈ പ്രാഫഷണലിസം മറ്റ് രംഗങ്ങളിലേക്കും പടരണം
രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും വ്യക്തി താത്പര്യം കാണിക്കാനുള്ള ഒരു വേദിയായി കായികരംഗത്തെ കാണാതെ രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ഉള്ള വേദിയായി നമുക്ക് കാണാം. അങ്ങനെ വന്നാൽ ഒരുവട്ടമല്ല ഒരുപാട് പ്രാവശ്യം ഒളിംമ്പിക് വേദിയിൽ ജനഗണമന മുഴങ്ങും , അത് ഏറ്റുപാടാൻ നമുക്ക് കാത്തിരിക്കാം
4 Comments
Excellent
Congrats Jose for writing the truth
Good job
Great