തോൽവി ഉറപ്പിച്ച ആരാധകർ,കളിക്കളത്തിനകത്തും പുറത്തുമുള്ള വാക്പോരാട്ടങ്ങൾ ,മഴ ദൈവങ്ങൾ രക്ഷിക്കും എന്ന് പോലും ചിന്തിക്കുന്നിടത്തുനിന്ന് അവിശ്വസനീയമായ വിധം വിജയത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ടീം ഇന്ത്യയുടെ ലോർഡ്സിലെ വിജയത്തെ വർണ്ണിക്കുക അസാദ്ധ്യം.ഇന്ത്യയുമായി കളിക്കുമ്പോൾ നൂറ്റി ഇരുപതു കോടിയിലെ ഏറ്റവും മികച്ച പതിനൊന്നുമായാണ് നിങ്ങൾ ഏറ്റു മുട്ടുന്നത് എന്ന ജസ്റ്റിൻ ലാംഗറുടെ മുന്നറിയിപ്പിനെ അവഗണിച്ച ഇംഗ്ലണ്ടിന് തെറ്റി,ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയ ശേഷം തോൽവി ഏറ്റുവാങ്ങിയ നാണക്കേട് ഇംഗ്ലീഷ് ടീമിനെ ഒരുപാട് കാലം വേട്ടയാടും.
അഞ്ചാം ദിനത്തിന്റെ ആദ്യ മണിക്കൂറിൽ ഋഷഫ് പന്തിന്റെ വിക്കറ്റ് വീഴ്ത്തി വിജയാഘോഷം തുടങ്ങിയ ഇംഗ്ലീഷ് പടയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു ഷാമി-ബുംറ സഖ്യം നേടിയ എൺപത്തിയൊൻപത് റൺ കൂട്ടുകെട്ട്,,മുൻ നിര ബാറ്റ്സ്മാൻമാരുടെ പല ട്രേഡ് മാർക്ക് ഷോട്ടുകളും കളിച്ച ഇരുവരും ഇംഗ്ലീഷ് ക്യാപ്റ്റന്റെ സകല തന്ത്രങ്ങളും തകർത്തു.
നാലാം ദിനം തങ്ങളുടെ അനുഭവ സമ്പത്ത് മുഴുവൻ പുറത്തെടുത്ത പുജാര-രഹാനെ സഖ്യത്തോടും,വർദ്ധിത വീര്യത്തോടെ പന്തെറിഞ്ഞ ഇഷാന്ത്-സിറാജ് സഖ്യവും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.ആസ്ത്രേലിയൻ പര്യടനത്തിൽ പന്ത് കൊണ്ട് വിസ്മയം തീർത്ത സിറാജ് ഈ ടെസ്റ്റിലൂടെ തന്റെ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിച്ചു
വിജയത്തിന് വേണ്ടി ഇത്രയും പോരാട്ട വീര്യം ഈ അടുത്ത കാലത്ത് ടീം ഇന്ത്യ നടത്തിയിട്ടുണ്ടാവില്ല.ക്രിക്കറ്റിന്റെ കളിതൊട്ടിലിൽ ചെന്ന് ടീം ഇന്ത്യ നേടിയ ഈ വിജയം തുടർന്ന് വരുന്ന പരമ്പരകളിലും നമ്മുക്ക് ഊർജ്ജമേകുമെന്ന കാര്യത്തിൽ സംശയമില്ല.തുടർന്ന് നടക്കുന്ന ടെസ്റ്റ്-ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്താൻ ഈ ടീമിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു