ഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിൽ അഡ്മിഷൻ ഉറപ്പായിട്ടും കിട്ടും എന്ന് കരുതിയ അവന് അത് ലഭിച്ചില്ല. ഗ്രാമപ്രദേശത്ത് നിന്നും വരുന്ന അവന് ക്രിക്കറ്റിൽ എന്തെങ്കിലും വളർച്ച കൈവരിക്കാൻ ആ സ്കൂളിലെ അഡ്മിഷൻ ആവശ്യമായിരുന്നു .അത് ലഭിക്കാത്തതിന്റെ സങ്കടത്തിൽ കരഞ്ഞിരുന്ന അവൻ ,വർഷങ്ങൾക്ക് ശേഷം ലോകോത്തര ബാറ്റ്സ്മാൻമാർക്ക് ഭീക്ഷണി ഉയർത്തുകയും അവർക്ക് ദുഃസ്വപ്നം ആകുകയും ചെയ്ത അവൻ ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ പേസ് ബൗളർ കൂടിയാണ് – ഇഷാന്ത് ശർമ
നഗരത്തിലെ കുട്ടികൾ ഇന്ത്യൻ ക്രിക്കറ്റ് അടക്കി വാഴുന്ന കാലത്ത് നല്ല സ്ക്കൂൾ വഴി മാത്രമേ ക്രിക്കറ്റിൽ തനിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കൂ എന്ന് ഉറപ്പുണ്ടായിരുന്ന ഇഷാന്ത് ആ കാര്യത്തിന് ഒരാളെ ബുദ്ധിമുട്ടിക്കുമായിരുന്നു – മൻവീന്തർ സിംഗ് ബാങ്ക, അദ്ദേഹമാകട്ടെ ഇന്ത്യൻ അണ്ടർ 19 ന് വേണ്ടിയും റെയിൽവേസിന് വേണ്ടിയും മത്സരിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇഷാന്തിന്റെ ഗ്രാമത്തിലെ സൂപ്പർ താരം കൂടിയാണ് ബാങ്ക. “ആകെ ഒരു ക്രിക്കറ്റ് ജേഴ്സിയാണ് ഇഷാന്തിന് ഉണ്ടായിരുന്നത്, നീളൻ മുടിയുള്ള ആ ചെറുപ്പക്കാരന് നേരാവണ്ണം വസ്ത്രം ധരിക്കാനും മുടി ചീകാനും അറിയില്ലായിരുന്നു ,എന്റെ ഭാര്യയും കൊടുത്ത ഒരു പുതിയ ജേഴ്സി ഇട്ടതോടെ അവനെ കാണാൻ മിടുക്കനായി “ബാങ്ക ഓർക്കുന്നു.
പഠനത്തിൽ പുറകിൽ ആയിരുന്ന കാരണത്താൽ അവന് ആഗ്രഹിച്ച സ്ക്കൂളിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിലും മറ്റൊരു സ്കൂളിൽ പ്രവേശനം ലഭിക്കുന്നു , വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായിരുന്നു പുതിയ സ്കൂൾ . ക്ലബ് കോച്ചായ ശർവൻ കുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ച ഇഷാന്ത് ആ നാളുകളിൽ ഏറെ ത്യാഗങ്ങൾ എടുത്താണ് ക്രിക്കറ്റ് പരിശീലനം നടത്തിയത്. “ഇഷാന്തിന് ഉയരമുണ്ടായിരുന്നു, വേഗത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആക്ഷനും മികച്ചതായിരുന്നുവെങ്കിലും റൺ-അപ്പ് വളരെ മോശമായിരുന്നു. തന്റെ റണ്ണപ്പിനിടെ ഇടറിവീഴുകയും നോ ബോളുകൾ എറിയുകയും ചെയ്യുന്നത് പതിവായിരുന്നു, , “ശർവാൻ ഓർക്കുന്നു. അവന്റെ കുറവുകളെ കഴിവുകളാക്കാനുള്ള പരിശീലനം ആ നാളുകളിൽ നല്കിയത് വഴി അവൻ മികച്ച ഒരു ബൗളറായി മാറി കുടങ്ങി.
ഡൽഹി രഞ്ജി ടീമിലും, ഇന്ത്യൻ അണ്ടർ 19 ടീമിലും നടത്തിയ മികച്ച പ്രകടനങ്ങൾ അവനെ ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ എത്തിച്ചു . 2007 ബംഗ്ലാദേശ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഇഷാന്തിന്റെ കരിയറിലെ വഴിത്തിരിവ് ആ വർഷം നടന്ന പാക്കിസ്താൻ പരമ്പരയിലെ ഉജ്വലമായ പ്രകടനം. ആ മികവ് 2008 ഓസ്ടേലിയൻ സീരിയസിനുള്ള ടീമിൽ ഇഷാന്തിനെ എത്തിച്ചു. വിവാദങ്ങളും പോർ വിളികളും ഒക്കെ നിറഞ്ഞ ആ മത്സരനാളുകളിൽ ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ബാറ്റ്സ്മാൻ – ബൗളർ പോരിന് ലോകം സാക്ഷ്യം വഹിച്ചു .ഏക് ഓര്‍ ഓവര്‍ കരേഗാ ? ഹാം മേം കരൂങ്കാ .നീണ്ടൊരു സ്‌പെല്ലിനു ശേഷം തളര്‍ന്നെങ്കിലും അനില്‍ കുംബ്ലെയുടെ ചോദ്യത്തിന് ഇഷാന്തിന്റെ മറുപടി അതായിരുന്നു. ആദ്യ പന്തില്‍ തന്നെ റിക്കി പോണ്ടിങ് സ്ലിപ്പിലെക്ക് എഡ്ജ് ചെയ്തു മടങ്ങുമ്പോള്‍ ഇന്ത്യക്കൊരു നിലവാരമുള്ള ഫാസ്റ്റ് ബൗളര്‍ ജനിച്ചതായി ലോകം മുഴുവൻ പറഞ്ഞു തുടങ്ങി .
റിക്കി പോണ്ടിങ് ഇന്ത്യയില്‍ സ്പിന്നിനെതിരെ പതറുന്നത് പലതവണ കണ്ടിട്ടുണ്ട് . എന്നാൽ സ്വന്തം മണ്ണിൽ പേസും ബൗണ്‍സുമുള്ള ട്രാക്കില്‍ ഒരിന്ത്യന്‍ പേസറുടെ മുന്നില്‍ റിക്കി പോണ്ടിങ് ചൂളുന്ന കാഴ്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. 135 -140 റേഞ്ചില്‍ വരുന്ന ബൂമിങ് ഇന്‍സ്വിങ്ങറുകളും പിച്ച് ചെയ്തതിനു ശേഷം പുറത്തേക്ക് മൂവ് ചെയ്യുന്ന ഔട്ട് സ്വിങ്ങറുകളും കൊണ്ടൊരു 19 വയസ്സുകാരന്‍ ഒരിതിഹാസത്തെ ക്രീസില്‍ തളച്ചിട്ട ഒരു മണിക്കൂര്‍ .ഇഷാന്തിന്റെ ഡെലിവറികള്‍ പിച്ച് ചെയ്തതിനു ശേഷം എങ്ങോട്ടാണ് മൂവ് ചെയ്യുന്നതെന്ന് ജഡ്ജ് ചെയ്യുന്നതില്‍ പോണ്ടിങ് സ്ട്രഗിള്‍ ചെയ്ത ദിവസം . ഇഷാന്തിനെ എങ്ങനെ നേരിടുമെന്ന് അറിയാതെ പോണ്ടിങ്ങ് അസ്വസ്ഥനായിരുന്നു എന്ന് ആ നാളുകളിൽ കേട്ടിട്ടുണ്ട്.
റിക്കി തന്റെ കരിയറില്‍ തന്നെ ഏറ്റവും വിഷമിപ്പിച്ച ഓവറായി ഫ്‌ലിന്റോഫിന്റെ റിവേഴ്സ് സ്വിങിങ് മാസ്റ്റര്‍ ക്ളാസ്സിനെ തിരഞ്ഞെടുത്തതില്‍ എതിരഭിപ്രായമില്ലെങ്കിലും റിക്കി പോണ്ടിങ് തന്റെ മികച്ച കരിയറില്‍ ഒരിക്കലും മറന്നു കളയാന്‍ സാധ്യതയില്ലാത്തൊരു തകര്‍പ്പന്‍ സ്‌പെല്‍ തന്നെയായിരുന്നു ഇഷാന്ത് ശര്‍മയെന്ന പയ്യന്‍ അന്നവതരിപ്പിച്ചത്. അന്നത്തെ ആ വീര്യം തന്നെയാണ് 300 ടെസ്റ്റ് വിക്കറ്റുകൾ നേടാനും നൂറിലധികം മത്സരങ്ങൾ കളിക്കാനും ആ നീളൻ മുടിക്കാരനെ സഹായിച്ചത്.
പേസ് ബൗളര്‍മാരുടെ നടുവൊടിക്കുന്ന ഉപഭൂഖണ്ഡത്തിലെ വെല്ലുവിളികളെയും പരിക്കുകളെയും അതിജീവിച്ചു കൊണ്ട് ഇഷാന്ത് ശര്‍മ്മ പോരാട്ടം തുടരുകയാണ്. കരിയറിലെ മോശം സമയത്തെയും ഫോമില്ലായ്മയും ഒക്കെ അതിജീവിച്ച് ഇഷാന്ത് നെഞ്ചും വിരിച്ച് ക്രീസിൽ നിൽക്കുമ്പോൾ ഒന്ന് ഉറപ്പിക്കാം – അയാൾ ഒരു പോരാളിയാണ് , ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച യോദ്ധാവ്
1 Comment