“നീ തീരെ ചെറുപ്പമാണ് ,ഫുട്ബോളിൽ ശ്രദ്ധിക്കാതെ പഠനത്തിൽ ശ്രദ്ധിക്കാൻ നോക്കുക “
റിക്കാർഡോ ഐമർക്ക് മകന്റെ കാര്യത്തിൽ ഉള്ള പേടിയിൽ നിന്ന് ഉണ്ടായ വാക്കുകളായിരുന്നു ഇത് ,ഫുട്ബോളിന്റെ മായിക ലോകത്ത് ചെറുപ്പത്തിലേ എത്തിയാൽ മകന്റെ ജീവിതം തന്നെ മാറി പോകുമെന്നും ഇപ്പോൾ പഠിക്കാനുള്ള സമയം ആണെന്നും ആ അച്ഛൻ ചിന്തിച്ചു. ഫുട്ബോൾ ഒത്തിരി ഇഷ്ടമാണെങ്കിലും മകന്റെ പ്രായ ആയിരുന്നു റിക്കാർഡോയെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.ആ പതിമൂന്ന് വയസുകാരൻ പയ്യൻ ആകട്ടെ പ്രശസ്ത ക്ലബ് റിവർ പ്ലേറ്റിന്റെ ട്രെയിനിങ്ങിൽ തകർപ്പൻ പ്രകടനം നടത്തി ഒരു അവസരത്തിനായി നിൽക്കുന്നു.അച്ഛന്റെ എതിർപ്പുകളെ അവസാനിപ്പിക്കാൻ അവൻ ക്ലബ്ബിലെ ഇതിഹസം ഡാനിയൽ പാസ്സേരല്ലയോട് വീട്ടിൽ വന്ന് സംസാരിക്കാൻ പറഞ്ഞു,അവന്റെ കഴിവ് കണ്ടതിനാൽ തന്നെ ഡാനിയൽ ആ ദൗത്യം ഏറ്റെടുത്തു.” 22 വർഷങ്ങക്ക് ശേഷം അവൻ വിരമിക്കുന്നത് ഫുട്ബോളിലെ ഒരു ഇതിഹാസം ആയിട്ടായിരിക്കും” ആ വാക്കുകൾ ചരിത്രമായി,ആ പതിമൂന്ന് വയസുകാരൻ ആണ് ഫുട്ബോൾ ഇതിഹാസം പാബ്ലോ ഐമർ
അർജന്റീനയുടെ ഇതിഹാസതാരങ്ങളെ പോലെ താരത്തിന്റെ ജനനം ബ്യൂണസ് ഐറിസിൽ ആയിരുന്നില്ല മറിച്ച് റിയോ ക്യൂആർട്ടോയിൽ ആയിരുന്നു. എന്നാൽ ഇതിഹാസങ്ങളെ പോലെ തന്നെ തെരുവിൽ തന്നെയായിരുന്നു പാബ്ലൊയും പന്ത് തട്ടി തുടങ്ങിയത്. ലോക്കൽ ക്ലബായ സ്റ്റുഡിൻറെസ് ഡി ക്യൂആർട്ടോ ക്ലബ്ബിലെ പരിശീലകൻ പാബ്ലോയുടെ ഡ്രിബിബ്ലിങ് മികവ് കണ്ട് കോച്ച് ക്ലബ്ബിലേക്ക് ക്ഷണിച്ചു,ക്ലബ്ബിൽ കുറച്ച് വർഷങ്ങൾ തുടർന്ന താരം റിവർ പ്ലേറ്റിൽ എത്തിയതോടെ കഥ മാറി തുടങ്ങി,കുറച്ച് വര്ഷങ്ങളായി തങ്ങൾ അന്വേഷിക്കുന്ന താരത്തിന്റെ മികവുള്ള പാബ്ലൊക്ക് വേണ്ടി ക്ലബ് എറ്ഗ്രെ തുക മുടക്കാനും ഒരുക്കമായിരുന്നു.അര്ജന്റീന ദേശിയ ടീമിൽ ആ കാലയളവിൽ കളിച്ച പ്രതിരോധ താരങ്ങൾ എതിരാളികളയി വന്നപ്പോൾ പാബ്ലോയുടെ മികവ് അര്ജന്റീന അറിഞ്ഞു തുടങ്ങി,അവരെ കാഴ്ചക്കാരാക്കി നിർത്തി ബോളുമായി കുതിക്കുന്ന കൗശലക്കാരന് ആകെയുള്ള പ്രശ്നം ഇടയ്ക്കിടെ അലട്ടുന്ന പരിക്കുകൾ തന്നെയായിരുന്നു.ചെറിയ ഒരു സ്പേസ് കിട്ടിയാൽ കുതിച്ച് കേറുന്ന താരത്തിന്റെ അളന്ന് മുറിച്ചുള്ള പാസുകളും മികച്ചതായിരുന്നു. എന്തായാലും 4 വർഷങ്ങൾ ക്ലബ്ബിൽ കളിച്ച താരം 82 മത്സരങ്ങളിൽ നിന്ന് 21 ഗോളും 28 അസിസ്റ്റുകളും സ്വന്തമാക്കി.
ദേശിയ ജേഴ്‌സിയിൽ താരത്തിന്റെ അരങ്ങേറ്റം 1999 ൽ ആയിരുന്നു, ടീമിനായി 58 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളാണ് താരം നേടിയത് . ഇതിൽ നിർണായകമായ കോൺഫെഡറേഷൻ കപ്പ് ഫൈനൽ,കോപ്പ അമേരിക്ക എന്നിവയിൽ ടീമിനെ ഫൈനൽ വരെ എത്തിക്കാൻ താരത്തിന്റെ മികവിന് സാധിച്ചു. വലിയ താരങ്ങളാൽ സമ്പന്നമായ അര്ജന്റീന ടീമിൽ അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന നിലയിൽ ഒരുപാട് അവസരങ്ങൾ താരത്തിന് കിട്ടിയില്ല
ലോകോത്തര താരം എന്ന നിലയിൽ കൂടുതൽ അറിയപ്പെടണമെങ്കിൽ വലിയ ക്ലബ്ബുകളിൽ പോകേണ്ട അത്യാവശ്യമായിരുന്നതിനാൽ തന്നെ “എളുപ്പം” വലൻസിയയിൽ നിന്ന് വന്ന ഓഫർ ആയിരുന്നു.ആ സമയങ്ങളിൽ മറഡോണ ഇങ്ങനെ പറഞ്ഞു” നിലവിൽ ഞാൻ ആസ്വദിക്കുന്നത് പാബ്ലോയുടെ കളിയാണ്,അവൻ മികച്ചവനാണ് അര്ജന്റീന ടീമിൽ ഉള്ള എല്ലാവരേക്കാൾ’ . വലൻസിയൻ ടീമിനായി 2 തവണ ലാ ലീഗ ,യുവേഫ കപ്പ്,യുവേഫ സൂപ്പർ കപ്പ് എന്നിവ നേടാനുണത്തിൽ നിർണായകമായതും പാബ്ലോയുടെ മികവ് തന്നെ. 2002 വലൻസിയും ലിവർപൂളും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 15 വൺ ടു വൺ പാസിൽ നിന്ന് നേടിയ ഗോൾ ആരാധകർക്ക് മറക്കാൻ കഴിയില്ല.
ഇതിനിടയിൽ കൂടുതൽ കളികളിൽ സബ്സ്റ്റിട്യൂട് എന്ന നിലയിൽ താരത്തെ പരിശീലകൻ ഇറക്കി തുടങ്ങി,ഇത് താരത്തെ മികവിനെ ഒരു പരിധി വരെ ബാധിച്ചു. പഴയ മികവ് തുടരാൻ സാധിക്കാതെ വന്നതോടെ 2005 -06 സീസണോടെ താരം ക്ലബ് വിട്ടു. പണ്ട് തങ്ങളെ തകർത്തെറിഞ്ഞ പാബ്ലൊയെ ലിവര്പൂളിലേക്ക് ക്ഷണിച്ചെങ്കിലും താരം റയൽ സരഗോസ തിരഞ്ഞെടുത്തു . വലിയ ക്ലബ്ബുകളിലേക്ക് പോകാൻ പാബ്ലോ ഭയപ്പെട്ടിരുന്നു എന്ന് പറയാം,പഴയ മികവ് ആവർത്തിക്കാൻ പറ്റില്ല എന്ന സ്വയ വിശ്വാസം കൊണ്ടാവാം വലിയ ക്ലബ് ഓഫർ ഒന്നും താരം സ്വീകരിക്കാതെ ഇരുന്നത്.എന്നാൽ സരഗോസയിൽ പഴയ കളിയുടെ മിന്നലാട്ടങ്ങൾ ഒക്കെ കാണിച്ചെങ്കിലും പരിക്ക് വില്ലനായി.
പിന്നീട് ബെനെഫിക്ക ക്ലബ്ബിൽ ആണ് താരം പഴയ മികവിൽ എത്തിയത്,5 പ്രധാന ചാംപ്യൻഷിപ്പുകൾ ക്ലബ്ബിൽ നേടിയ താരം ഡീഗോ മറഡോണയോട് താരതമ്യപ്പെടുത്തുന്ന സ്കില്ലുകൾ കൊണ്ട് മൈതാനം നിറച്ചു.ഏയ്ഞ്ചൽ ഡി മരിയ ,ഹാവിയർ സാവിയോള, എന്നിവരുമായി ചേർന്ന് പാബ്ലോയുടെ കൂട്ടുകെട്ടിനെ ലോകോത്തര ടീമുകൾ പോലും ഭയപ്പെട്ടിരുന്നു .എന്നാൽ യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർക്ക് നിർഭാഗ്യം എന്ന പേര് ആവും കൂടുതൽ ചേരുക,പരിക്കുകൾ മുടങ്ങാതെ പിന്തുടർന്ന കരിയറിൽ ശരീരവും മനസും അനുവദിക്കാതെ വന്നതോടെ താരം 2018 വർഷത്തോടെ ഫുട്ബോൾ കരിയർ അവസാനിച്ചു. ക്ലബ് കരിയറിൽ 413 മത്സരങ്ങളിൽ നിന്ന് 67 ഗോളുകളൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട് . പ്രഭയോടെ കത്തിനിൽകേണ്ട നക്ഷത്രം പെട്ടെന്ന് കെട്ട് പോയതിന്റെ നിരാശ അർജന്റീനയുടെ ആരാധകർക്ക് ഇന്നും ഉണ്ട്……