ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു ശതമാനം വരുന്നത് ഇവിടെ നിന്നാണെന്ന് പറയാം.വലിയ നഗരങ്ങളുടെ മറുവശ കാഴ്ചകളിൽ പറഞ്ഞു കേട്ടിട്ടുള്ളത് പോലെയാണ് റെസിഫെയിലും .ദാരിദ്ര്യവും പട്ടിണിയുമായി ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുറെ മുഖങ്ങളുടെ ദയനീയ ഭാവങ്ങൾ അവിടെ കാണാം . അവിടെ 1972 ൽ ജനിച്ച ഒരു കൊച്ച് കുട്ടിയുടെ ശരീരത്തിൽ ചുളിവുകളും കുഴിവുകളും ഉണ്ടായിരുന്നു. പോഷകാഹാരത്തിന്റെ കുറവ് കാരണം പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. ആരോഗ്യമില്ലെങ്കിലും ഫുട്ബോൾ സ്വപ്നം കണ്ടിരുന്ന അവൻ പതിനാറാം വയസിൽ പൗലിസ്റ്റാണോ ഫുട്ബോൾ ക്ലബ്ബിൽ എത്തി,കോച്ചിന് താത്പര്യമില്ലെങ്കിലും അവൻ അവിടെ തുടർന്നു. വാഹനാപകടത്തിൽ അസാഹ്‌നി നഷ്ടപെട്ട അവൻ തളരാതെ പൊരുതി ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി മാറി,ശക്തിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ പവർ ഷോട്ടുകളുടെ കൊലകൊമ്പൻ എന്ന് വിശേഷണം കേട്ട സാക്ഷാൽ റിവാൾഡോ
ബ്രസീലിലെ ക്ലബ്ബുകളിൽ തന്റെ മികവ് തെളിയിച്ച താരത്തിന് വേണ്ടത് ലോകോത്തര ക്ലബ്ബുകളിലേക്ക് ഉള്ള ക്ഷണമായിരുന്നു.അതിനായി റിവാൾഡോ തന്റെ മികച്ചത് നൽകാൻ എപ്പോഴും ശ്രമിച്ചു.ഒടുവിൽ ല ലീഗ ക്ലബായ ഡിപോർട്ടീവോ ലാ കൊറൂണയിൽ 1996 കാലത്ത് എത്തിയതോടെ ജാതകം മാറി തുടങ്ങി എന്ന് പറയാം .കേവലം ഒരു സീസൺ മാത്രം ക്ലബ്ബിൽ തുടർന്ന താരം 41 മത്സരങ്ങളിൽ നിന്നുമായി 21 ഗോളുകൾ നേടി ടീമിന് മൂന്നാം സ്ഥാനം നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.ആ കാലത്ത് ബാഴ്‌സലോണ ക്ലബ് നോട്ടമിട്ടിരുന്ന താരമായിരുന്നു ഇംഗ്ലീഷ് ഫുട്ബോളർ സ്റ്റീവ് മക്മനമാൻ.എന്നാൽ ബാർസിലോണ മാനേജർ ബോബി റോബ്‌സന്റെ നിർദ്ദേശപ്രകാരം റിവാൾഡോയുമായി 1997 ൽ ഏകദേശം 26 മില്യണ് താരവുമായി ബാർസിലോണ കരാറിൽ എത്തി
ആദ്യ സീസണ് തന്നെ 19 ഗോളുകൾ നേടി ബാർസക്ക് ലിഗാ & കോപ്പ ദൽറേ നേടി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് റിവാൾഡോണയാണ് .1998 ലോകകപ്പിന്റെ ഫൈനൽ വരെയുള്ള ബ്രസീലിന്റെ യാത്രയിൽ നിർണായകമായതും റിവാൾഡോ തന്നെ.ബ്രസീൽ താരങ്ങൾക്കിടയിൽ റിവാൾഡോയെക്കുറിച്ച് ഇങ്ങനെ പറയുമായിരുന്നു”അവൻ അധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല, അവന്റെ മറുപടി ഫുട്ബാളാണ് ” 1999 ആയിരുന്നു താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷം എന്ന് പറയാം . ബാഴ്‌സയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും കോപ്പ അമേരിക ട്രോഫി ബ്രസീലിൽ എത്തിക്കുന്നതിലും നിശബ്ദ പോരാളിയായി റിവാൾഡോ നിർണായകമായി . ഫിഫ ലോക ഫുട്ബോളർ പുരസ്കാരം ,കോപ്പ അമേരിക്ക ഗോൾഡൻ ബൂട്ട് ,ബാലൻ ദ്യോർ തുടങ്ങി റിവാൾഡോ അവാർഡുകൾ വാരി കൂടി .ഇതിൽ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ആയിരുന്നു ഫിഫ ലോക ഫുട്ബോളർ പുരസ്‌കാരം നേടിയത് . ഇടത് വിങിലെ മാന്ത്രികൻ ബാഴ്‌സ കോച്ച് പ്ലേയ് മേക്കർ റോളിൽ ഇട്ടത് താരത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പറ്റാതെ വന്നതോടെ പരിശീലകൻ വാൻ ഗാലിനെ ബാഴ്‌സ പുറത്താക്കി . 2000-01 സീസണിൽ 23 ഗോളുകൾ നേടി റിവാൾഡോ മികച്ച പ്രകടങ്ങൾ തുടർന്നു . സീസണിൽ വലൻസിയ ആയുള്ള ആ മത്സരത്തിൽ റിവാൾഡോയുടെ ഹാട്രികിന്റെ ബലത്തിൽ ബാർസ 3-2 നു ജയിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി .
ചരിത്രത്തിലെ എറ്റവും മികച്ച ഹാട്രിക്കുകളിൽ ഒന്നായാണ് ഈ ഹാട്രികിനെ ഫുട്ബോൾ വിദഗ്ധർ കാണുന്നത്. സ്വതസിദ്ധം ആയ ഫ്രീകിക്കിൽ നിന്നാണ് ആദ്യ ഗോൾ റിവാൾഡോ നേടിയത്. 25 വാര അകലം നിന്നുള ബുള്ളെറ്റ് ഷോട്ട് ആയിരുന്നു രണ്ടാം ഗോൾ. മൂന്നാം ഗോൾ ആവട്ടെ ബൈസിക്കിൾ കിക്ക് ഗോളും, അതും 90ആം മിനിറ്റിൽ,ഏതൊരു താരവും കൊതിച്ച് പോകുന്ന ഹാട്രിക്ക് നേടിയ ശേഷം റിവാൾഡോ പറഞ്ഞത്”എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,എല്ലാവർക്കും വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു” ജയങ്ങളിലും പരാജയങ്ങളിലും കൂടുതൽ വികാരങ്ങൾ ഒന്നും ഇല്ലായിരുന്നു റിവാൾഡോയ്ക്ക്അടുത്ത സീസണോടെ ക്ലബ് വിട്ട താരം മിലാനിൽ എത്തുകയും ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് വിജയിപ്പിക്കയും ചെയ്തു.ബ്രസീലിന്റെ ലോകകപ്പ് വിജയത്തിലും നിർണായകമായ താരം മിലാൻ വിട്ടതിന് ശേഷം ഒരുപാട് ക്ലബ്ബുകളിൽ കളിച്ചു 2014 ൽ വിരമിച്ചു .ക്ലബ് കരിയറിൽ ആകെ 553 മത്സരങ്ങളിൽ നിന്ന് 293 ഗോൾ നേടിയ താരം ബ്രസീലിനായി 74 കളികളിൽ നിന്ന് 35 ഗോളുകൾ നേടി
ലോകം കണ്ട ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാൾ ആയ താരമായ റിവാൾഡോ ഒരു മത്സരത്തിൽ ചെലുത്തുന്ന സ്വാധീനം വലുതായിരുന്നു , പ്ലേമേയ്കർ ആയും, വിങ്ങർ ആയും, സ്ട്രൈക്കർ ആയും കളിച്ചിരുന്ന റിവാൾഡോ ഉജ്ജ്വല ഫ്രീ കിക്കുകൾക്കും, ബുള്ളറ്റ് ഷോട്ട് ഗോളുകൾക്കും കൊണ്ടും അഴക് തീർത്തു.2002 ന് ശേഷം ലോകകിരീടം ഉയർത്താൻ ബുദ്ധിമുട്ടുന്ന ബ്രസീലിയൻ നിരയിൽ റിവാൾഡോയെ പോലെ ഒരു താരം ഒഴിച്ചിട്ട സിംഹാസനം നികത്താൻ ആർക്കും സാധിച്ചിട്ടില്ല