പൂർത്തിയാക്കാത്ത ജാലവിദ്യ
ഇനി അയാളുടെ കാലമല്ലേ

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . കൂടുതലും ഫുട്ബോളിൽ ആണ് ഈ പ്രവണത കാണുന്നത് ,സ്കില്ലുകൾക്കും ഗ്രാഫിക്സിനും വലിയ പ്രാധാന്യം നൽകുന്നതിനാൽ തന്നെ കാലാനുസൃതമായ മാറ്റങ്ങൾ ഫുട്ബോൾ ഗെയിമുകൾ ഉൾകൊള്ളുന്നുണ്ട് . യഥാർത്ഥ ഫുട്ബോളിൽ താരങ്ങളിൽ പലരുടെയും കളി കാണാത്ത കുട്ടികൾ പലരും ഗെയിമിലെ സുന്ദര മുഖങ്ങളുടെ ആരാധകർ ആകുന്നു നെയ്മറും മെസ്സിയും റൊണാൾഡോയും ഉൾപ്പെടുന്ന ലോകോത്തര താരങ്ങൾ എല്ലാവർക്കും വ്യത്യസ്ത തരത്തിൽ ഉള്ള സ്കില്ലുകൾ ഉണ്ട് .ഫിഫയും പെസുമെല്ലാം ഇവരുടെ കഴിവുകൾ ഏറ്റവും മികച്ച രീതിയിൽ തന്നെ ഗെയിമുകളിൽ കൊണ്ടുവന്നിട്ടുമുണ്ട് .

ഗെയിമുകൾക്ക് വലിയ പ്രാധാന്യം ഒന്നും ഇല്ലാതിരുന്ന 1990 കാലഘട്ടം, ഡെനിൽസൺ ഡി ഒലിവേര എന്ന മിടുക്കനായിരുന്ന ഒരു താരം സ്കില്ലുകളുടെ പേരിൽ മാത്രം ട്രാൻസ്ഫർ ജാലകത്തിൽ വിപ്ലവം തീർത്തു . നേടിയ ഗോളുകളേക്കാൾ അത് നേടിയ വഴികൾ ബ്രസീലിയൻ താരത്തെ കൂടുതൽ പ്രിയപെട്ടവനാക്കി എന്ന് പറയാം. ലോകോത്തര ഫുട്ബോൾ ക്ലബ്ബുകൾ എല്ലാം താരത്തിന്റെ സ്കില്ലുകളിൽ ആകൃഷ്ടരായി. എതിരാളികളെ കളിയാക്കി മുന്നേറുന്ന അവന്റെ മാജിക്ക് പ്രകടനം കാരണം തന്നെ ഗോളുകളേക്കാൾ അവൻ കാണിക്കുന്ന സ്കില്ലുകൾ കാണാൻ കാണികൾ ആഗ്രഹിച്ചു. 1998 ലോകകകപ്പിലെ ബ്രസീലിന്റെ കുതിപ്പിൽ ഡെനിൽസൺ വലിയ പങ്ക് വഹിക്കുമെന്ന് ലോകം വിശ്വസിച്ചു .ഇന്ന് ഇഷ്ടപെട്ട താരങ്ങളെ കോടികൾ കൊടുത്ത് മേടിക്കുന്ന ഫിഫ കളിക്കുന്ന ഒരു കുട്ടിയെ പോലെ മാനുവൽ റൂയിസ് ഡി ലോപെറ എന്ന റിയൽ ബെറ്റിസ്‌ മുൻ പ്രസിഡന്റ് ഡെനിൽസണ് വേണ്ടി എത്രെ കോടി മുടക്കാനും തയ്യാറായി രംഗത്ത് എത്തി.

എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ ലോകകകപ്പിൽ താരം ബ്രസീലിനായി പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ചു . പല കളികളിലും പകരക്കാരനായി ഇറങ്ങിയ താരം എതിരാളികളെ വിറപ്പിച്ചു എന്ന് പറയാം.ബെറ്റിസിൽ എത്തിയ ഉടനെ താരം ഇങ്ങനെ പറഞ്ഞു” പുതിയ വെല്ലുവിളി പുതിയ കൂട്ടുകാർ ,ഞാൻ ടീമിനെ സഹായിക്കാൻ എല്ലാം ചെയ്യും”. പക്ഷെ വിചാരിച്ച പോലെ ആയിരുന്ന കാര്യങ്ങൾ. രണ്ട സീസണുകളിയി വെറും 5 ഗോളുകൾ ആണ് താരം നേടിയത് , ബെറ്റിസ്‌ രണ്ടാം ഡിവിഷനിലേക്ക് താരത്താഴ്ത്തപ്പെടുകയും ചെയ്തു .അടുത്ത സീസണിൽ ബെറ്റിസിന്റെ തിരിച്ചുവരവിന് സഹായിച്ചെങ്കിലും കോടികൾ മുടക്കി കൊണ്ടുവന്ന താരം ഗോൾ അടി മറന്നു തുടങ്ങി എന്ന് പറയാം .

അതുപോലെ തന്നെ ജോക്വിൻ പോലെ ഉള്ള താരങ്ങളുടെ വരവ് ഡെനിൽസന്റെ നില കൂടുതൽ പരുങ്ങലിൽ ആക്കി .അതോടെ 2004 സീസൺ താരത്തിന്റെ ബെറ്റിസ്‌ കരിയറിലെ അവസാന സീസണായി.അതിനിടയിൽ ഡെനിൽസൺ ഉൾപ്പെടുന്ന ബ്രസീലിയൻ തീം 2002 ലോകകപ്പ് നേടി.മിക്ക കളികളിലും പകരക്കാരനായി ഇറങ്ങിയ താരത്തിന്റെ തുർക്കിക്ക് എതിരെയുള്ള സെമി ഫൈനൽ പ്രകടനം ബ്രസീലിയൻ ആരാധകർ മറക്കില്ല .കളിയിൽ മുന്നിൽ നിൽക്കെ അവസാന നിമിഷം സമയം കളയാൻ താരം കാണിച്ച മായാജാലങ്ങൾ അതിമനോഹരമായിരുന്നു. താരത്തെ പിന്തുടരാൻ ശ്രമിക്കുന്ന ടർക്കിഷ് താരങ്ങളുടെ വിഫല ശ്രമം ഉള്ള ഒരു ഫോട്ടോ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു .

എന്തായാലും ക്ലബ് ഫുട്ബോളിൽ താരത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല .ഇന്ന് ആയിരുന്നെങ്കിൽ മാനേജറുമാർക്ക് ഒരുപക്ഷെ താരത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കുമായിരുന്നു . അന്ന് റൈറ്റ് വിങ് ഫോർവേഡ് റോളിൽ തിളങ്ങിയ താരത്തെ മാനേജറുമാർ മികച്ച രീതിയിൽ ഉപയോഗിച്ചില്ല എന്ന് ആക്ഷേപമുണ്ട്.ഗോൾ അടിക്കാൻ ഉള്ള കോച്ചിന്റെ തന്ത്രങ്ങളിൽ താരത്തിന് വലിയ സ്ഥാനം ഇല്ലായിരുന്നു എന്ന് കണക്കുകൾ പറയുന്നു.

ബ്രസീലിന് വേണ്ടി (1996 മുതൽ 2003) ലെഫ്റ്റ് വിങ്ങിൽ അവസാന 20 മിനുട്ടുകളിൽ ആണ് ഡെനിൽസൺ കൂടുതലും കളിച്ചിട്ടുള്ളത്. ടീം ലീഡ് ചെയ്തു നിൽക്കുന്ന സമയങ്ങളിൽ പന്ത് കൈവശം വച്ച് ബോറൻ ഏർപ്പാട് നടത്തുന്ന ടീമുകൾക്കും കളിക്കാർക്കും ഡെനിൽസൺ കാണിച്ചു കൊടുത്തത് മാന്ത്രിക ഫുട്ബാളിനും അപ്പുറം. ഡെനിൽസൺ കളിക്കുമ്പോൾ ഗോളിനേക്കാൾ കാണികൾക്ക് ഇഷ്ടം അദ്ധേഹത്തിന്റെ അതിവേഗ ‘സ്റ്റെപ് ഓവർ’ മൂവ്സ് ആയിരുന്നു.

കാഴ്ചക്കാർക്ക് വിരുന്നൊരുക്കിയ ഡെനിൽസൺ ലോകകപ്പ്, കോപ്പ, കോൺ ഫെഡ് വിജയങ്ങളിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ഡെനിൽസണെ തടയാൻ മൂന്നും നാലും പേർ ശ്രദ്ധിക്കുമ്പോൾ റിവാല്ടോയും റൊണാൾഡോയും കൂടുതൽ സ്വതന്ത്രായി. താരാധിക്യം നിറഞ്ഞ ബ്രസീൽ ടീമും പകരക്കാരന്റെ റോളും ഡെനിൽസണെ അയാളുടെ കഴിവിന്റെ അർഹിക്കുന്ന ഉന്നതിയിലേക്ക് ഉയർത്തിയതേ ഇല്ലെങ്കിൽ കൂടി തൊണ്ണൂറുകളിൽ ബ്രസീലിന്റെ കളികൾ കണ്ടു തുടങ്ങിയവർക്ക് ഇപ്പോഴും മനസ്സിലുണ്ടാകും ഇദ്ദേഹം കാഴ്ചവച്ച ‘വിഷം പുരട്ടിയ’ ഫുട്ബാളിന്റെ വീര്യമേറിയ ഗന്ധം.ഒരു കാര്യം ഉറപ്പാണ്,ട്രിക്കുകൾ കണ്ട് അത്ഭുതം കൂറുന്ന തലമുറക്ക് താരത്തിന്റെ പ്രകടനങ്ങൾ കാണാൻ സാധിക്കാത്തത് ഒരു നഷ്ടം തന്നെയാണ്. ബാഗ് നിറയെ മികച്ച സ്കില്ലുകൾ താരത്തിന് ഉണ്ടായിരുന്നു. അതൊക്കെ നന്നായി ഉപയോഗിക്കാൻ പരിശീലകർക്ക് സാധിച്ചിരുന്നെങ്കിൽ……………..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!