മൂന്നാം വയസ്സിൽ നദാലിന് പിറന്നാൾ സമ്മാനമായി നല്കിയ ടെന്നീസ് റാക്കറ്റുപയോഗിച്ച് അവൻ കളിക്കുന്ന രീതി ടോണിയെ അത്ഭുതപ്പെടുത്തി. എതിരെ വരുന്ന ബോളകളെ ആ പ്രായത്തിൽ ഉള്ള കുട്ടികൾ നേരിടുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു റാഫ നേരിട്ടത്. അതിനാൽ തന്നെ അക്കാദമിയിലെ സീനിയർ കുട്ടികൾക്കൊപ്പം അവന് പരിശീലനം നല്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടായിരുന്നു ടോണിക്ക് .സഹോദരന്റെ മകൻ എന്ന സ്വാതന്ത്ര്യമൊന്നും നദാലിന് അക്കാദമിയിൽ ഇല്ലായിരുന്നു.അങ്കിൾ പെരുമാറുന്ന രീതി റാഫയുടെ മാതാപിതാക്കളിൽ പോലും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
റാഫയുടെ നല്ല ഭാവിക്കായി ഇത്തരം ചില നിയന്ത്രണങ്ങൾ അത്യാവശ്യം ആണെന്ന് മനസിലാക്കി അവർ മൗനം അവലംബിച്ചു. ജൂനിയർ തലങ്ങളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ റാഫയ്ക്ക് ഒരുപാട് യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകളും കിട്ടിയെങ്കിലും വീട്ടിൽ നിന്ന് മാറാൻ താരം തയ്യാറായിരുന്നില്ല .ഇതിനിടയിൽ ഫുട്ബോളിലും ഒരു കൈ നോക്കിയ റാഫ അവസാനം ടെന്നീസ് തന്നെ തിരഞ്ഞെടുക്കുകായിരുന്നു .
2005 ഓസ്‌ട്രേലിയൻ ഓപ്പണിൽ ജയിക്കാൻ സാധിച്ചില്ലെങ്കിലും ഫെഡറർ ,ഹെവിറ്റ് തുടങ്ങിയ മഹാന്മാരെ വിറപ്പിക്കാൻ താരത്തിനായി,താരത്തിന്റെ വേഗവും ശൗര്യവും അന്ന് മുതൽ ടെന്നീസ് ലോകം കണ്ട് തുടങ്ങി എന്ന് പറയാം .അതെ വർഷം നടന്ന ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടി വരാനിരിക്കുന്ന ഒരുപാട് കിരീടങ്ങളുടെ സൂചന റാഫ നൽകി എന്ന് പറയാം. പിന്നീട് ഉള്ള വർഷങ്ങളിൽ ഫെഡറർ-നദാൽ പോരാട്ടങ്ങൾ ടെന്നീസ് കോർട്ടിൽ ആവേശമായി. നദാലിനെ വേഗവും ,ഫെഡററുടെ പരിചയാവും തമ്മിലുള്ള പോരാട്ടങ്ങൾ കാണാൻ ലോകം മുഴുവൻ കാത്തിരുന്നു.
നേടിയ 21 ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ 13 പ്രാവശ്യവും കളിമൺ കോർട്ടിലായിരുന്നു വിജയക്കൊടി പാറിച്ചത്. ഇതിനാൽ തന്നെ കളിമണ്ണ് കോർട്ടിലെ രാജാവ് എന്നും റാഫ അറിയപ്പെട്ടു. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഒഴികെ മറ്റെല്ലാ കിരീടങ്ങളും നേടിയ 2010 ആയിരുന്നു ഏറ്റവും മികച്ച വർഷം .കരിയറിൽ ഉടനീളം പരിക്ക് വെല്ലുവിളിയായി മാറിയ താരമാണ് റാഫേൽ നദാൽ കൂടുതൽ കരുത്ത് പ്രകടിപ്പിച്ചിട്ടുള്ളത് ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിലായിരുന്നു.ഇടംകൈയൻ താരമായ റാഫേൽ നദാൽ, അടുത്തിടെ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ പോരാട്ടത്തിൽ ലോകത്തെ രണ്ടാം നമ്പർ താരമായ ഡനീൽ മെദ്‌വെദേവിനെയാണ് മറികടന്നത്.
പരിചയസമ്പത്ത് തന്നെയാണ് രണ്ട് സെറ്റ് നഷ്ടമായിട്ടും മത്സരത്തിലേക്ക് തിരിച്ചുവരാനും കിരീടം നേടാനും നദാലിനെ തുണച്ചത്.കഴിഞ്ഞ ഓഗസ്റ്റിൽഇടത് കാലിലെ അസ്ഥിരോഗം ബാധിച്ചത് നദാലിന്‍റെ ടെന്നീസ് കരിയറിൽ വലിയ ചോദ്യചിഹനമായി മാറിയിരുന്നു. എന്നാൽ ഏറെ നാൾ നീണ്ട ചികിത്സയ്ക്കുശേഷം നദാൽ കോർട്ടിലേക്ക് മടങ്ങിയെത്തി. യുവതാരത്തിന്‍റെ കായികക്ഷമതയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ നന്നേ ബുദ്ധിമുട്ടിയെങ്കിലും പോരാട്ടവീര്യം കൈവിടാതെ പോരാടിയാണ് നദാൽ ചരിത്രം കുറിച്ചത്.
എഴുതി തള്ളിയവരെകൊണ്ട് ഇതിഹാസം എന്ന് വിളിപ്പിച്ച് വർധിതവീര്യത്തോടെ നദാൽ തിരിച്ചുവരവ് നടത്തുമ്പോൾ ടെന്നീസ് ലോകം ഒന്നടകം പറയാം-കളിമൺ കോർട്ടിന്റെ മാത്രമല്ല അയാൾ ടെന്നീസ് ലോകത്തിന്റെ രാജാവാണ്